മോഷ്ടിച്ച ടിപ്പറുമായി നഗരത്തില്‍ അഴിഞ്ഞാട്ടം; സിനിമയെ വെല്ലുന്ന ചേസുമായി പൊലീസ്, അറസ്റ്റ്

By Web TeamFirst Published Sep 19, 2021, 1:31 PM IST
Highlights

 സംശയം തോന്നിയ പൊലീസ് ടിപ്പറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചായിരുന്നു ടിപ്പർ ലോറിയുടെ ഓട്ടം. ഓട്ടത്തിനിടയിൽ നിരവധി വാഹനങ്ങളിൽ ടിപ്പറിടിച്ചു

കോഴിക്കോട്: മോഷ്ടിച്ച ടിപ്പർ ലോറിയുമായി കോഴിക്കോട് നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച രണ്ട് യുവാക്കളെ പൊലീസ് സാഹസികമായി പിടികൂടി. എലത്തൂർ സ്വദേശി അബ്ബാസ്, നടക്കാവ് സ്വദേശി നിധീഷ് എന്നിവരെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അമിതവേഗതയിലായിരുന്ന ലോറി നഗരത്തിൽ നിരവധി വാഹനങ്ങളെ ഇടിച്ചു. വെള്ളിയാഴ്ച രാത്രി കോഴിക്കോട് മലാപ്പറമ്പിൽ നിർത്തിയിട്ട KL57 8485 നമ്പർ ടിപ്പറാണ് മോഷണം പോയത്.

ഇത് സംബന്ധിച്ച് ചേവായൂർ പൊലീസ് സ്റ്റേഷനിൽ പരാതിയുണ്ട്. ശനിയാഴ്ച വാഹന പരിശോധന നടത്തുന്നതിനിടെ അതുവഴി പോവുകയായിരുന്ന ടിപ്പറിന് എലത്തൂർ പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ അമിത വേഗതയിൽ കടന്നു പോയി. സംശയം തോന്നിയ പൊലീസ് ടിപ്പറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചായിരുന്നു ടിപ്പർ ലോറിയുടെ ഓട്ടം. ഓട്ടത്തിനിടയിൽ നിരവധി വാഹനങ്ങളിൽ ടിപ്പറിടിച്ചു. പാവങ്ങാട് വഴി പുതിയങ്ങാടിയിലൂടെ വെസ്റ്റ്ഹിൽ ചുങ്കം കടന്ന് ഒടുവിൽ ബിലാത്തിക്കുളം അമ്പലത്തിന്‍റെ മുൻവശത്താണ് ടിപ്പർ ഇടിച്ചു നിർത്തിയത്. ഓടാൻ ശ്രമിച്ച യുവാക്കളെ എലത്തൂർ പൊലീസ് കീഴ്പ്പെടുത്തി ചേവായൂർ പൊലീസിന് കൈമാറുകയും ചെയ്തു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!