മീൻ കൃഷി നടത്താനെന്ന പേരിൽ തണ്ണീർത്തടം നികത്തി; നാട്ടുകാർ പ്രതിഷേധത്തിൽ

By Web TeamFirst Published Apr 12, 2019, 4:23 PM IST
Highlights

പ്രദേശവാസികൾ പഞ്ചായത്തിന് പരാതി നൽകിയെങ്കിലും നികത്തൽ പൂർത്തിയാക്കിയതിന് ശേഷം സ്റ്റോപ്പ് മെമ്മോ നൽകുകയാണുണ്ടായതെന്ന് നാട്ടുകാർ

പത്തനംതിട്ട: പന്തളം തെക്കേ കരയിൽ മീൻ കൃഷി നടത്താനെന്ന പേരിൽ സ്വകാര്യ വ്യക്തി കുന്നിടിച്ച് തണ്ണീർതടം നികത്തി. അഞ്ച് ഏക്കറിലധികം സ്ഥലം നികത്തിയതോടെ സമീപത്തെ ജലസത്രോതസ്സുകളിൽ വെള്ളം വറ്റി. പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തി.

പന്തളം തെക്കേകര പഞ്ചായത്തിലെ പ‌തിമൂന്നാം വാർഡിൽ വരുന്ന പറന്തലിലാണ് സ്വകാര്യ വ്യക്തി കുന്നിടിച്ച് നികത്തിയിരിക്കുന്നത്. 20 ഏക്കറോളം വരുന്ന കുന്ന് പൂർണമായും ഇടിച്ച് നിരത്തിക്കഴിഞ്ഞു.മീൻ വളർത്തുന്നതിന് താഴ്വാരത്തെ ചതുപ്പിൽ കുളം നിർമ്മിക്കാൻ നേടിയ അനുമതിയുടെ മറവിലാണ് കുന്ന് ഇടിച്ച് നികത്തിയത്. നിരവധി നീർച്ചാലുകളുണ്ടായിരുന്ന ചതുപ്പും നികത്തിയതോടെ താഴ്വാരത്തെ കിണറുകളിൽ വെള്ളം വറ്റി. 

പ്രദേശവാസികൾ പഞ്ചായത്തിന് പരാതി നൽകിയെങ്കിലും നികത്തൽ പൂർത്തിയാക്കിയതിന് ശേഷം സ്റ്റോപ്പ് മെമ്മോ നൽകുകയാണുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, കുന്നിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നും മീൻ വളർത്താൻ കുളം കുഴിക്കുന്നതിനാണ് ഇവിടെ അനുമതി തേടിയിരുന്നതെന്നുമാണ് പഞ്ചായത്തിന്‍റെ വാദം. ചതുപ്പ് പൂർവ്വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് സമരത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ.

click me!