'ഒന്നുകിൽ നന്നാക്ക്, അല്ലെങ്കിൽ പൊളിച്ചു കളയ്', പാലാരിവട്ടം പാലത്തിന് കീഴെ ബ്ലോക്കിലായ ജനങ്ങൾ പറയുന്നു ..

By Web TeamFirst Published Aug 30, 2019, 2:49 PM IST
Highlights

''ഈ ബ്ലോക്കില് ബസ്സ് പെട്ടാൽ ഒന്നൊന്നര മണിക്കൂറെടുക്കും പുറത്ത് വരാൻ. ഞങ്ങളെന്ത് ചെയ്യണം? എന്തിനാണിവിടെ ഇങ്ങനൊരു പാലം?'', ക്ഷുഭിതരായ ജനം ചോദിക്കുന്നു. 

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ ഒടുവിൽ ഉദ്യോഗസ്ഥ തലത്തിൽ അറസ്റ്റുണ്ടായിരിക്കുന്നു. മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജടക്കം നാല് ഉദ്യോഗസ്ഥർ അറസ്റ്റിൽ. പാലാരിവട്ടത്തെ ഗതാഗതക്കുരുക്കിനൊരു പരിഹാരമെന്ന നിലയിലായിരുന്നു ഇവിടെ ഒരു മേൽപ്പാലം പണിതത്. പണിഞ്ഞ് പണിഞ്ഞ്, പാലമൊരു പഞ്ചവടിപ്പാലമായത് മാത്രം മിച്ചം!

നഗരമധ്യത്തിൽ എപ്പോൾ ഇടിഞ്ഞു വീഴുമെന്നറിയാതെ ഒരു പാലം! പാലാരിവട്ടം പാലം കാണുന്ന ആർക്കും പഴയ കെ ജി ജോർജിന്‍റെ പഞ്ചവടിപ്പാലം സിനിമ ഓർമ വന്നില്ലെങ്കിലേ അദ്ഭുതമുള്ളൂ. 2014 ൽ പണി തുടങ്ങി, 2016 ൽ ഉദ്ഘാടനവും കഴിഞ്ഞു. പക്ഷേ പണം കൊടുത്തു തീരും മുന്നേ പാലം തകർന്നു. 

നാട്ടുകാരുടെ ജീവൻ വച്ചാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കളിച്ചത്. 47 കോടി രൂപയ്ക്ക് ഈ പ്രദേശത്തൊരു പാലം പണിയാൻ കഴിയുമോ? ഇല്ല. പക്ഷേ, അഴിമതി നടത്താനാണെങ്കിൽ പണിയാം!

പൊതുജനം 'ബ്ലോക്കിൽത്തന്നെ'

ഉദ്യോഗസ്ഥരുടെ അറസ്റ്റ് നടന്നാലും ഇല്ലെങ്കിലും പാലാരിവട്ടം പാലത്തിന് കീഴെ ജനങ്ങൾ തീരാക്കുരുക്കിലാണ്. മണിക്കൂറുകൾ നീളുന്ന ട്രാഫിക് ബ്ലോക്ക്. പെട്ടുപോയാൽ പോയതാണ്!

''എപ്പ നോക്കിയാലും ഇവിടെ ബ്ലോക്കാണെ''ന്ന പരാതിയാണിവിടെ എപ്പോഴും. ''കെടുകാര്യസ്ഥതയാണ് ചെയ്തിരിക്കുന്നത്. ഇത്രേം നീളത്തിലിവിടെ ബ്ലോക്കാണ്. ഇതെത്ര കാലമായി ഈ പാലം ഇവിടെ ഒരു ഉപയോഗവുമില്ലാതെ കിടക്കുന്നു? ഇതിനൊരവസാനം വേണ്ടേ? ഇത് ഒന്നുകിൽ പൊളിച്ച് കളയ്, അല്ലെങ്കിൽ രണ്ടാമത് പണിയ്. എന്തെങ്കിലുവൊന്ന് ചെയ്യ്. എന്തെങ്കിലും ചോദിച്ചാപ്പറയും കേസാണ് അതാണ് ഇതാണെന്ന് ... എനിക്ക് വേണേ വല്ല ടാക്സീം വിളിച്ച് പോകാം. ചെറുപ്പക്കാർക്ക് വല്ല ബൈക്കോ സ്കൂട്ടറോ എടുത്ത് പോകാം. ഇതിനൊന്നും നിവൃത്തിയില്ലാത്ത, പൊതുഗതാഗത സംവിധാനം മാത്രം ഉപയോഗിക്കുന്ന സാധാരണക്കാരായ മനുഷ്യരെന്ത് ചെയ്യും? ഒരു ബസ്സ് ഇവിടെ പെട്ടാൽ പെട്ടതാണ്. ഇവരെത്ര നേരം കൊണ്ടാ ഓഫീസിലെത്തണതെന്നറിയാമോ?'', നാട്ടുകാർ പറയുന്നു. 

പഞ്ചവടിയല്ല, പാലാരിവട്ടം പാലം!

ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ, കിറ്റ്‍കോ എന്നീ സ്ഥാപനങ്ങൾ അന്വേഷണ പരിധിയിൽ വന്നു.  ഉദ്യോഗസ്ഥർ അഴിമതി നടത്തിയോ എന്ന് പരിശോധിച്ച വിജിലൻസ് കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ!

സർക്കാർ ഖജനാവിൽ നിന്ന് 47.71 കോടി രൂപ നൽകിയാണ് മേൽപാല നിർമാണത്തിന് റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷനെ ഏൽപ്പിക്കുന്നത്.  അവ‍ർ പാലം രൂപകൽപ്പന ചെയ്യാനും നിർമിക്കാനും കിറ്റ്‍കോ ഏജൻസിയെ ചുമതലപ്പെടുത്തി. ആർഡിഎസ് എന്ന ഗുജറാത്ത് ആസ്ഥാനമായ കമ്പനിയ്ക്ക് നിർമാണക്കരാറും കൊടുത്തു.

ഈ കമ്പനി രണ്ടര വർഷം കൊണ്ട് നിർമിച്ചു കൊടുത്ത പാലമാണിപ്പോൾ പൊളിഞ്ഞു കിടക്കുന്നത്. മദ്രാസ് ഐഐടിയിലെ വിദഗ്ധർ കഴിഞ്ഞ ദിവസം പാലം പരിശോധിച്ചിട്ട് പറഞ്ഞത്  ഗുരുതരമായ പിശക് നിർമാണത്തിൽ സംഭവിച്ചുവെന്നാണ്. രൂപകൽപന തൊട്ട്, പൈലിംഗ് മുതൽ,  തൂണ് ഉറപ്പിക്കുന്നത് വരെ ശരിയായ രീതിയിലായിരുന്നില്ല. 

ദേശീയപാതാ അതോറിറ്റിയായിരുന്നു യഥാർത്ഥത്തിൽ ഈ പാലം പണിയേണ്ടിയിരുന്നത്. എന്നാൽ, സംസ്ഥാനസർക്കാർ ഈ പാലത്തിന്‍റെ നിർമാണം ഏറ്റെടുത്തു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ അവസാന കാലത്ത് പാലനിർമാണം ത്വരിതഗതിയിൽ തീർക്കാൻ ശ്രമിച്ചു. ഏതാണ്ട് 95 ശതമാനം പണിയും തീർത്തു. പിന്നീട് എൽഡിഎഫ് സർക്കാർ വന്നതോടെ പാലം ഉദ്ഘാടനം ചെയ്ത് യാത്രക്കാർക്കായി തുറന്ന് കൊടുത്തു. 

റിവ്യൂ യോഗവും പരിശോധനയും അടക്കം കിറ്റ്കോ  മുൻകൈ എടുത്ത് പാലനിർമാണത്തിൽ മേൽനോട്ടം വഹിക്കേണ്ടിയിരുന്നു.  47 കോടി രൂപയിൽ 37 കോടി രൂപ കരാറുകാരന് കൊടുത്ത് കഴിഞ്ഞു. എന്നിട്ടും ഇത്ര ഗുരുതരമായ പ്രശ്നം കേവലം രണ്ട് വ‍ർഷം കൊണ്ടുണ്ടായെങ്കിൽ വലിയ പിഴവ് തന്നെയാണ് നി‍ർമാണത്തിൽ സംഭവിച്ചതെന്നുറപ്പിക്കാം.

അശാസ്ത്രീയമായ ഡിസൈൻ അംഗീകരിച്ചതിൽ വീഴ്ച പറ്റി, അമേരിക്കൻ ടെക്നോളജി സാങ്കേതിക ഉപയോഗിച്ചുള്ള മേൽപ്പാലത്തിനും തൂണിനുമിടയിലുള്ള ബെയറിംഗ് ഉറപ്പിച്ചതിൽ പാളിച്ചയുമുണ്ടായി. എന്നാലത് കണ്ടുപിടിക്കാൻ കിറ്റ്കോയ്ക്കോ റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷനോ സാധിച്ചതുമില്ല. 

ആർഡിഎസ് എന്ന കമ്പനി കേരളത്തിൽ മറ്റ് പലയിടത്തും നിർമാണപ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നതും ആദ്യം പരിഗണിക്കേണ്ട വസ്തുതയാണ്. കൃത്യമായ അന്വേഷണത്തിലൂടെ ഇതിന് പിന്നിലെ അവിശുദ്ധ കൂട്ടുകെട്ടുകളും വീഴ്ചയും കണ്ടെത്തിയില്ലെങ്കിൽ കേരളത്തിൽ ഇനിയുമേറെ പഞ്ചവടിപ്പാലങ്ങളുണ്ടാകും. 

click me!