മലപ്പുറത്ത് ലോറിയിൽ കടത്താൻ ശ്രമിച്ച ഒന്നരക്കോടി വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

By Web TeamFirst Published Apr 7, 2019, 2:52 PM IST
Highlights

നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങളുടെ ഇത്രയും വലിയ ശേഖരം എവിടെ നിന്ന് ലഭിച്ചുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു

മലപ്പുറം: വഴിക്കടവ് ചെക്ക് പോസ്റ്റിൽ ഒന്നരക്കോടി രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെക്ക് കടത്താൻ ശ്രമിച്ച പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. 

പുകയില ഉത്പന്നങ്ങൾ കടത്താൻ ശ്രമിച്ച ലോറിയുടെ ഡ്രൈവ‌ർ മണ്ണാർക്കാട് സ്വദേശി ഷാജിയെ പൊലീസ് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പച്ചക്കറി വണ്ടിയിൽ വഴിക്കടവ് ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.

ലോറിയിൽ പച്ചക്കറി  ചാക്കുകൾക്കടിയിൽ ചെറിയ ചാക്കുകളിലായി ഒളിപ്പിച്ചാണ് പുകയില ഉത്പന്നങ്ങൾ കടത്താൻ ശ്രമിച്ചത്. 200 ചാക്കുകളിലായി 3 ലക്ഷത്തോളം പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളാണ് ലോറിയിൽ നിന്ന് കണ്ടെത്തിയത്.

മലപ്പുറം എക്സൈസ് കമ്മീഷണറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ‍ർ സംഭവ സ്ഥലത്തെത്തി. നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങളുടെ ഇത്രയും വലിയ ശേഖരം എവിടെ നിന്ന് ലഭിച്ചുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു

click me!