
നീണ്ടൂർ: വിളവെടുപ്പു നടത്തി പാടശേഖരത്തിൽ പടുതയിട്ട് മൂടി സൂക്ഷിച്ചിരുന്ന നെല്ലിൽ സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം നിക്ഷേപിച്ചു. നീണ്ടൂർ മുടക്കാലി പാലത്തിനു സമീപം വെള്ളിക്കണ്ണി പാടശേഖരത്തിലാണ് സാമൂഹ്യ വിരുദ്ധരുടെ മന:സാക്ഷിയില്ലാത്ത പ്രവൃത്തിയുണ്ടായത്. ചൊവ്വാഴ്ച രാത്രിയിലോ ഇന്നലെ പുലർച്ചയോ ആണ് സംഭവം ഉണ്ടായിരിക്കുന്നത്.
കൊയ്തു മെതിച്ച് സൂക്ഷിച്ചിരുന്ന നെല്ല് ഇന്നലെ രാവിലെ പടുത നീക്കി ചാക്കിൽ നിറയ്ക്കുന്നതിനിടയിലാണ് നെൽ കൂനയുടെ അടിഭാഗം നനഞ്ഞിരിക്കുന്നത് കർഷകരുടെ ശ്രദ്ധയിൽ പെട്ടത്. രണ്ട് ഏക്കറിൽ നിന്ന് വിളവെടുത്ത നെല്ലാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. നെല്ലിന്റ നല്ലൊരു ഭാഗം ഉപയോഗിക്കാൻ കഴിയാത്ത നിലയിലായെന്ന് പാടശേഖര സമിതി സെക്രട്ടറി ജേക്കബ് തോമസ് പറഞ്ഞു.
ഈ പ്രദേശത്ത് ഇതിനു മുമ്പ് പലതവണ കക്കൂസ് മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരുടെ സ്ഥിരം താവളമാണ് ഇവിടം. കൂട്ടംകൂടി മദ്യപിച്ച ശേഷം മദ്യക്കുപ്പികൾ പൊട്ടിച്ച് പാടത്തേക്ക് തള്ളും. പാടത്തിറങ്ങുന്ന കർഷകരുടെയും തൊഴിലാളികളുടെയും കാലിൽ കുപ്പിച്ചില്ല് കുത്തിക്കയറി പരിക്കേൽക്കുന്നതും പതിവു സംഭവമാണ്.
പഞ്ചായത്തിലും ആരോഗ്യ വിഭാഗത്തിലും പലതവണ പരാതി നൽകിയെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ല. ഇതിൽ കർഷകർ ആശങ്കയിലാണ്. ഒട്ടേറെ സഞ്ചാരികൾ ദിവസേന എത്തുന്ന പുഞ്ചവയൽക്കാറ്റിന്റെ തൊട്ടടുത്താണ് സാമൂഹ്യ വിരുദ്ധരുടെ ഈ തേർവാഴ്ച. ഇവിടെ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നത് കർഷകരുടെയും നാട്ടുകാരുടെയും നാളുകളായുള്ള ആവശ്യമാണ്. പക്ഷേ പഞ്ചായത്ത് അധികൃതർ നടപടിക്ക് തയ്യാറാകുന്നില്ല.
ഉത്തരവാദ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ള നീണ്ടൂർ പഞ്ചായത്തിലെ പുഞ്ചവയൽക്കാറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ബ്ലോക്ക് പഞ്ചായത്ത് രണ്ടു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് അധികൃതർ നടപടിക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കർഷകർ കൂട്ടമായെത്തി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകുമെന്ന് പാടശേഖര സമിതി സെക്രട്ടറി ജേക്കബ് തോമസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam