
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് കക്കൂസ് മാലിന്യം കലർന്ന മലിനജലം ജലസ്രോതസ്സിലേക്ക് ഒഴുക്കിയ സംഭവത്തിൽ കെട്ടിട ഉടമയ്‌ക്ക് അൻപതിനായിരം രൂപ പിഴ. ഇടുക്കി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡും നെടുങ്കണ്ടം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനം കണ്ടെത്തിയത്.
ഇടുക്കി നെടുങ്കണ്ടം സെൻട്രൽ ജംഗ്ഷനിൽ ചൈതന്യ റോഡിന് സമീപമുള്ള കെട്ടിടത്തിൽ നിന്ന് കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതായി ജില്ലാ എൻഫോഴ്സ്മെൻ്റ് സക്വാഡിന് പരാതി ലഭിച്ചു. തുടർന്ന് സ്ക്വാഡിലെ അംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ വിജയൻ മേപ്പുറത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തോട് ചേർന്നുള്ള വലിയ കുഴിയിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് കറുത്ത നിറവും അസഹ്യമായ ദുർഗന്ധവുമുള്ള മലിനജലം സമീപത്തെ തുറന്ന ഓടയിലേക്ക് പമ്പ് ചെയ്ത് ഒഴുക്കുന്നതായി കണ്ടെത്തി. കക്കൂസ് മാലിന്യം കലർന്ന മലിനജലമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായി.
കെട്ടിടത്തിലെ ശുചിമുറികളിൽനിന്നുള്ള കക്കൂസ് മാലിന്യം കലർന്ന മലിനജലമാണ് ഇത്തരത്തിൽ പുറത്തേക്ക് ഒഴുക്കിയിരുന്നത്. കക്കൂസ് മാലിന്യം കലർന്ന മലിനജലം യാതൊരു ശാസ്ത്രീയ സംസ്കരണവും കൂടാതെ പൊതുജലസ്രോതസ്സിലേക്ക് ഒഴുക്കുന്നത് ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിനും പൊതുജനാരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്. മലിനജലം അംഗീകൃത സെപ്റ്റേജ് ടാങ്കറുകൾ ഉപയോഗിച്ച് നീക്കം ചെയ്ത് നിയമാനുസൃതമായ സംസ്കരണ കേന്ദ്രങ്ങളിൽ എത്തിച്ചാണ് സംസ്കരിക്കേണ്ടത്. ഇതിന് പകരം തുറസ്സായ ഓടയിലൂടെ ഒഴുക്കിയ നടപടി ഗുരുതരമായ നിയമലംഘനമാണെന്ന് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് വിലയിരുത്തി. കെട്ടിട ഉടമയ്‌ക്ക് 50,000 രൂപ പിഴ ചുമത്തുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശുപാർശ നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam