
പത്തനംതിട്ട: പ്രാർത്ഥനാ ചടങ്ങ് നടന്ന വീട്ടിലേക്ക് ഭക്ഷണവുമായി എത്തിയയാളെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ കടക്കാട് സ്വദേശിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കടക്കാട് കുരമ്പാല തൊണ്ടത്തറ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ മകൻ ഗോപകുമാർ (33) ആണ് അറസ്റ്റിലായത്. 2026 നവംബർ 5ന് രാത്രി 8.20ഓടെ കടക്കാട് സ്വദേശിനിയായ ഷൈനി തങ്കച്ചന്റെ വീട്ടിൽ നടന്ന പ്രാർത്ഥനാ ചടങ്ങിലേക്ക് ഭക്ഷണവുമായി എത്തിയ പരാതിക്കാരനെ മുൻവിരോധത്തെ തുടർന്ന് പ്രതി കല്ലുകൊണ്ട് എറിഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരാതിക്കാരന്റെ ഇടതുകാലിന്റെ മുട്ടിന് താഴെയും കഴുത്തിന്റെ വലതുഭാഗത്തും പരിക്കേറ്റതായി പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പരാതിക്കാരനും പ്രതിയും തമ്മിലുള്ള വ്യക്തിപരമായ വിരോധമാണ് സംഭവത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്.
അടൂർ ഡിവൈ.എസ്.പി. വിനോദിന്റെ മേൽനോട്ടത്തിൽ പന്തളം സി.ഐ. ബാബുകുറുപ്പിന്റെയും എസ്.എച്ച്.ഒ. അബിൻ പ്രസാദിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐമാരായ മഞ്ജുമോൾ, സഞ്ജയൻ, എസ്.സി.പി.ഒ. മാരായ മനോജ് മുരളി, അൻവർ ഷാ, വിനീത്, ബൈജു എന്നിവരും അന്വേഷണത്തിലും അറസ്റ്റ് നടപടികളിലും പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam