
തിരുവനന്തപുരം: വിഴിഞ്ഞം തീരത്തടിഞ്ഞത് ടൺ കണക്കിന് മരപ്പാൻ ക്ലാത്തി മത്സ്യം. ഇന്നലെ ഉച്ചയ്ക്ക് ശേഷം കടലിൽ പോയി മടങ്ങിയവരുടെ വള്ളങ്ങളിലെല്ലാം ലഭിച്ചത് മരപ്പാൻ ക്ലാത്തികളായിരുന്നു. പുറംതൊലി നല്ല കട്ടിയുള്ള പരന്ന് വലുപ്പമുള്ള ക്ലാത്തിക്ക് വിദേശ മാർക്കറ്റിൽ വൻ വിലയാണ്. ഇന്നലെ എത്തിയ ക്ലാത്തി മത്സ്യം തീരത്ത് കൂട്ടിയിട്ടത് മത്സ്യം വാങ്ങാനെത്തിയവർക്ക് അത്ഭുതമായി.
ട്രോളിങ് നിരോധന സമയമായതിനാൽ ഇത്രയധികം ക്ലാത്തി മത്സ്യം വന്നത് തൊഴിലാളികൾക്കും ആശ്വാസമായി. ഇതിനൊപ്പം കല്ലൻ കണവകളുടെ കൂട്ടവും തൊഴിലാളികൾക്ക് ലഭിച്ചു. മലയാളികൾക്ക് ക്ലാത്തി അത്ര പ്രിയമല്ലാത്തതിനാൽ ഇവ രണ്ടും വിദേശ മാർക്കറ്റിലേക്ക് കയറ്റി അയയ്ക്കുന്ന കമ്പനികൾ ലേലത്തിനെടുക്കുകയായിരുന്നെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
പുറംതൊലിക്ക് കട്ടിയായതിനാൽ തൊലി പൊളിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. ഇതാണ് മലയാളികൾ ക്ലാത്തിയെ ഒഴിവാക്കാൻ കാരണമെന്നും ഇവർ പറയുന്നു. ജപ്പാൻ, ചൈന എന്നിവിടങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമാണ് ഇവ കയറ്റിയയക്കുന്നത്. കൂടാതെ വളം ഉണ്ടാക്കാനും ഇവ ഉപയോഗിക്കാറുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam