
ഇടുക്കി: ടൂറിസം സെക്ടറുകള്‍ തുറന്നിട്ടും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറക്കാത്തത് വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാവുന്നു. കൊവിഡിന്റെ പശ്ചാതലത്തില്‍ ആറുമാസം മുമ്പാണ് സര്‍ക്കാര്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ പൂട്ടിയത്. കൊവിഡ് മാഹാമരിയെ ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേത്യത്വത്തില്‍ സ്വീകരിച്ച പ്രതിരോധ നടപടികളുടെ ഭാഗമായാണ് ചിന്നാര്‍, ബോഡിമെട്ട് ചെക്ക് പോസ്റ്റുകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
ആറുമാസം മുൂമ്പ് പൂട്ടിയ അതിര്‍ത്തികളാവട്ടെ നാളിതുവരെ ഗതാഗതത്തിനായി തുറന്നുനല്‍കിയിട്ടുമില്ല. നിലവില്‍ കുമളി വഴി മാത്രമാണ് സന്ദര്‍ശകര്‍ ഇ- പാസ് മൂഖേന മൂന്നാറിലെത്തുന്നത്. ചിന്നാര്‍ ബോഡിമെട്ട് ചെക്ക്‌പോസ്റ്റുകളാവട്ടെ ചരക്കുനീക്കത്തിനായി മാത്രമാണ് തുറക്കുന്നത്. സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ മണ്ഡലം സെക്രട്ടറി പി പളനിവേല്‍ രംഗത്തെത്തിയിട്ടുണ്ട്. ഓരോ സീസണിലും മൂന്നാറില്‍ പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് എത്താറുള്ളത്.
കൊവിഡ് പിടിമുറുക്കിയതോടെ ടൂറിസം മേഖലകള്‍ പൂര്‍ണ്ണമായി അടച്ചു. കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മുഴുവന്‍ സെക്ടറുകളും തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും നാമമാത്രമായ സന്ദര്‍ശകരാണ് എത്തുന്നത്. ഇരവികുളം ദേശീയോദ്ധ്യാനത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല. സന്ദര്‍ശകരുടെ വരവ് കുറഞ്ഞതോടെ ജീവനക്കാരുടെ ശബളം നല്‍കുന്നതിനുപോലും അധിക്യതര്‍ക്ക് കഴിയുന്നില്ല. ഇതോടെ ജീവനക്കാരുടെ ജോലി ദിനം മൂന്നിലൊന്നായി അധിക്യതര്‍ കുറച്ചിട്ടുണ്ട്. റിസോര്‍ട്ടുകളുടെയും ഹോട്ടലുകളുടെയും സ്ഥിതിയും മറ്റൊന്നല്ല. എല്ലാ കെട്ടിടങ്ങളും തുറന്നെങ്കിലും സന്ദര്‍ശകര്‍ എത്തുന്നില്ല.
അതിര്‍ത്തി ചെക്ക്‌പോസ്റ്റിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണസ്ഥിതിയിലെത്താതെ ടൂറിസം മേഖല ഉണരില്ലെന്നാണ് വ്യാപാരികളും പറയുന്നത്. മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ ഭൂരിഭാഗവും തമിഴ്‌നാടിനെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. മൂന്നാറില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ബന്ധുക്കള്‍ തമിഴ്‌നാട്ടിലാണുള്ളത്. ഇവരെ നേരില്‍ കാണുന്നതിനുപോലും പലര്‍ക്കും കഴിയുന്നില്ല. സര്‍ക്കാരിന്റെ ഇ-പാസ് മുഖേന തമിഴ്‌നാട്ടില്‍ പോയാല്‍ മടങ്ങിയെത്തുമ്പോള്‍ ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ ഏഴുദിവസം നിരീക്ഷണത്തില്‍ കയറണമെന്നാണ് സ്വകാര്യ കമ്പനി നിലപാട്.
ഇത്തരം പ്രശ്‌നങ്ങള്‍ നിനില്‍ക്കുന്നതിനാല്‍ സ്വന്തത്തില്‍ പെട്ടവരുടെ നല്ലതും ചീത്തയുമായ ആചാരങ്ങളില്‍ പങ്കെടുക്കാന്‍ തൊഴിലാളികള്‍ക്ക് കഴിയുന്നില്ല. ദീപാവലിയോട് അനുബന്ധിച്ച് അതിര്‍ത്തികള്‍ ചെക്ക്‌പോസ്റ്റുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെയും വ്യാപാരികളുടെയും ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam