
തൃശ്ശൂർ: അതിരപ്പിള്ളി മലക്കപ്പാറ പാതയില്‍ കാട്ടുകൊമ്പൻ കബാലിയെ പ്രകോപിച്ച യുവാവ് പത്ത് ദിവസത്തെ റിമാൻഡിൽ. തൃശ്ശൂർ കയ്പമംഗലം സ്വദേശി ഷബീറിനെ ആണ് വനം വകുപ്പ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് നടപടി. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു കാട്ടുകൊമ്പനെ പ്രകോപിപ്പിച്ചു കൊണ്ടുള്ള യുവാവിന്റെ അഭ്യാസ പ്രകടനം. റോഡരികിലേക്ക് ഇറങ്ങിയ കബാലിയെ യുവാവ് ഒച്ച വച്ചും കൈവീശിയും പ്രകോപിപ്പിക്കുകയായിരുന്നു.
മറ്റ് വിനോദ സഞ്ചാരികൾ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പ്രകോപിതനായ കാട്ടാന മുന്നോട്ട് പാഞ്ഞടുത്തപ്പോഴേക്കും ഷബീർ ഓടിമാറുകയായിരുന്നു. ഓടിയെത്തിയ ആന അടുത്തുണ്ടായിരുന്ന കാർ കുത്തി മറിക്കാൻ ശ്രമിച്ചു. കെഎസ്ആര്‍ടിസി ബസ് ജീവനക്കാർ അവസരോചിതമായി ഹോണ്‍ മുഴക്കിയതോടെയാണ് ആന തിരികെ കാട്ടിലേക്ക് കയറിയത്.
ആനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ യുവാവിനായുള്ള അന്വേഷണം വനം വകുപ്പ് ഊർജിതമാക്കിയിരുന്നു. അന്വേഷണത്തിൽ സംഭവം നടന്ന അഞ്ചരയോട് കൂടി ഇയാൾ ഉൾപ്പെടെയുള്ള സംഘം അതിരപ്പിള്ളി ചെക്പോസ്റ്റ് കടന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. രാത്രി എട്ടരയ്ക്ക് മലക്കപ്പാറയിലും ഇവരെത്തിയിരുന്നു. പിന്നീട് പുലർച്ചയോടെയാണ് പിന്തുടർന്നെത്തിയ വനപാലക സംഘം ഇയാളെ പിടികൂടിയത്. വന്യമൃഗത്തെ ഉപദ്രവിച്ചതിനും ഭയപ്പെടുത്തിയതിനുമാണ് കേസ് എടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് ജയിലിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam