
തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ തീര പ്രദേശങ്ങളിൽ ശക്തമായ തിരയാണ് ബുധനാഴ്ച അനുഭവപ്പെട്ടത്. ആഴിമല ബീച്ചിലും കോവളത്തും തിരയിൽപെട്ടവരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ആഴിമല ബീച്ചിലും കോവളത്തും വിനോദ സഞ്ചാരത്തിനെത്തിയവരാണ് ശക്തമായ അടിയൊഴുക്കിൽപെട്ട് മുങ്ങിത്താഴ്ന്നത്. ഇത് ശ്രദ്ധയിൽപെട്ട ലൈഫ് ഗാർഡുകളുടെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
ആഴിമലയിൽ തിരയിൽപ്പെട്ട ബാംഗ്ലൂർ സ്വദേശികളായ സൂര്യ (35), ഉണ്ണികൃഷ്ണൻ (38) എന്നിവരെ ലൈഫ് ഗാർഡ് മുരുകൻ, വർഗീസ് എന്നിവർ ചേർന്ന് രക്ഷപ്പെടുത്തിയത്. മരണത്തെ മുഖാമുഖം കണ്ട സന്ദർഭമായിരുന്നെന്ന് ഇരുവരും പറഞ്ഞു. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. രാവിലെ പത്തരയോടെയാണ് കോവളം ലൈറ്റ് ഹൗസിൽ ബീച്ചിൽ കുളിക്കുന്നതിനിടെ വിദേശി തിരയിൽപെട്ടത്. ടിസിയാനോ സലോട്ടി (54) എന്നയാളെ സൂപ്പർവൈസർ സുന്ദരേശന്‍റെ നേതൃത്വത്തിൽ. എസ്.പരമേശ്വരൻ. വി.സനൽ എന്നീ ലൈഫ് ഗാർഡുകൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള- തമിഴ്‌നാട് തീരങ്ങളിൽ ബുധനാഴ്ച വൈകുന്നേരം 05.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന നിർദേശവുമുണ്ടായിരുന്നു.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും തുറസായ സ്ഥലങ്ങളിൽ തുടരരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ മഴക്ക് സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam