മൂന്നാറിലെ റിസോട്ടുകളിലും ഹോംസ്റ്റേകളിലും സഞ്ചാരികളെ താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് സബ്കളക്ടർ

By Web TeamFirst Published Jun 22, 2021, 10:46 PM IST
Highlights

വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അങ്ങനെ തന്നെ നിലനില്‍ക്കുകയാണ്. നിലവിലെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന റിസോര്‍ട്ടുകളുടെയും ഹോംസ്‌റ്റേകളുടെയും ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും സബ്കളക്ടര്‍ വ്യക്തമാക്കി. 

ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്ന് നല്‍കാത്ത സാഹചര്യത്തില്‍ മൂന്നാറിലേയും പരിസര പ്രദേശങ്ങളിലേയും റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും ഹോട്ടലുകളിലും സഞ്ചാരികളെ താമസിപ്പിക്കുവാന്‍ അനുവധിക്കില്ലെന്ന് ദേവികുളം സബ്കളക്ടര്‍ പ്രേം കൃഷ്ണന്‍. വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭിച്ചതോടെ മൂന്നാറിലേയും പരിസര പ്രദേശങ്ങളിലേയും ചില റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും സഞ്ചാരികളെ താമസിപ്പിക്കുന്നതായുള്ള സൂചനകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ സാഹചര്യത്തില്‍ സഞ്ചാരികളെ താമസിപ്പിക്കുവാനോ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും തുറന്ന് പ്രവര്‍ത്തിപ്പിക്കുവാനോ അനുവദിക്കില്ലെന്ന് ദേവികുളം സബ്കളക്ടര്‍ പ്രേം കൃഷ്ണന്‍ അറിയിച്ചത്.

വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അങ്ങനെ തന്നെ നിലനില്‍ക്കുകയാണ്. നിലവിലെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന റിസോര്‍ട്ടുകളുടെയും ഹോംസ്‌റ്റേകളുടെയും ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും സബ്കളക്ടര്‍ വ്യക്തമാക്കി. മൂന്നാറിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് വരികയാണെന്നും ടിപിആര്‍ നിരക്ക് വീണ്ടും വര്‍ധിച്ചാല്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി വരുമെന്നും സബ് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഒന്നരമാസത്തോളമായി മൂന്നാറിന്റെ വിനോദ സഞ്ചാരമേഖല പൂര്‍ണ്ണമായി അടഞ്ഞ് കിടക്കുകയാണ്. ഇപ്പോള്‍ ലഭിച്ചിട്ടുള്ള ഇളവ് മറയാക്കി ഏതാനും ചില റിസോര്‍ട്ടുകളും ഹോംസ്റ്റേകളും സഞ്ചാരികളെ താമസിപ്പിക്കുന്നതായുള്ള സൂചനകളുടെ അടിസ്ഥാനത്തിലാണ് സബ്കളക്ടര്‍ നിയന്ത്രണം സംബദ്ധിച്ച കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

click me!