Latest Videos

കോവളം ബീച്ചിലും പരിസരത്തും തെരുവ് നായ ശല്യം, പരാതിയുമായി വിനോദസഞ്ചാരികൾ

By Web TeamFirst Published Jan 8, 2021, 1:01 PM IST
Highlights

ടൂറിസം പൊലീസ് എസ്ഐയും വനിതാ പൊലീസും അടക്കം നാലു പൊലീസുകാരും നായകളുടെ കടിയേറ്റവരിൽപെടും...

തിരുവനന്തപുരം: ടൂറിസം കേന്ദ്രമായ കോവളം ബീച്ചിലും പരിസരത്തും  നായ ശല്യം രൂക്ഷമായതായി പരാതി. തീരത്തും പരിസരത്തുമായി 50 ലേറെ തെരുവ് നായകളാണ് ആക്രമണണോത്സുകരായി അലഞ്ഞുതിരിയുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ സ്വദേശികളും വിദേശികളുമടക്കമുള്ള ടൂറിസ്റ്റുകൾക്കും മറ്റ് നിരവധി പേർക്കും നായകളുടെ കടിയേറ്റിരുന്നു. 

ടൂറിസം പൊലീസ് എസ്ഐയും വനിതാ പൊലീസും അടക്കം നാലു പൊലീസുകാരും നായകളുടെ കടിയേറ്റവരിൽപെടും. രണ്ട് മത്സ്യ കച്ചവടക്കാരായ സ്ത്രീകളെയും നായകൾ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തീരത്തുകൂടെ നടന്നുപോകുകയായിരുന്ന വിദേശ വിനോദസഞ്ചാരികൾക്കുനേരെയും തെരുവ് നായകൾ പാഞ്ഞടുത്തെങ്കിലും ടൂറിസം പൊലീസുദ്യോഗസ്ഥർ ഇവയെ വിരട്ടിയോടിച്ചതിനാൽ സഞ്ചാരികൾ കടിയേൽക്കാതെ രക്ഷപ്പെട്ടു. 

തെരുവ് നായകളുടെ ശല്യം കാരണം തീരത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് വിനോദസഞ്ചാരികളടക്കം പരാതിപ്പെടുന്നതായി ടൂറിസം പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോവളം പൊലീസ് ഇതുസംബന്ധിച്ച് നഗരസഭ അധികൃതർക്ക് വിവരം നൽകിയതനുസരിച്ച് കോർപ്പറേഷൻ ഉദ്യോഗസ്ഥരെത്തി നായകളെ പിടികൂടാൻ ശ്രമിച്ചാൽ തെരുവ് നായകളുടെ സംരക്ഷകരെന്നപേരിൽ പ്രവർത്തിക്കുന്ന ചിലർ ഇത് തടസ്സപ്പെടുത്തുന്നതായി ആക്ഷേപവും ഉയർന്നിട്ടുണ്ട്.  

ടൂറിസം കേന്ദ്രമായ കോവളമടക്കമുള്ള സ്ഥലങ്ങളിൽ തെരുവ് നായകളുടെ ആക്രമണം തടയാൻ ഫലപ്രദമായ നടപടി ഉണ്ടായില്ലെങ്കിൽ ടൂറിസ്റ്റുകൾ അകന്ന് കോവളത്തെ ടൂറിസത്തിന്  തന്നെ ഇത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ. അലഞ്ഞു തിരിയുന്ന നായകളിൽ രോഗ പ്രതിരോധത്തിൻറെ ഭാഗമായുള്ള കുത്തിവെയ്പ്പുകൾപോലും ഫലപ്രദമായി നടക്കുന്നുണ്ടോ എന്ന പരിശോധനപോലും ശരിയായി നടക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. 

click me!