കൊവിഡ്: വയനാടിന് ആശ്വാസമായി ടി.പി.ആര്‍ കുറയുന്നു; നിയന്ത്രണങ്ങള്‍ തുടരും

By Web TeamFirst Published Jun 9, 2021, 9:28 AM IST
Highlights

ജില്ലയില്‍ ചൊവ്വാഴ്ചത്തെ ടി.പി.ആര്‍ നിരക്ക് 12.37 ആണ്. തിങ്കളാഴ്ച ഇത് 13.76 ആയിരുന്നു. അതേ സമയം ആറാം തീയ്യതിയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10ലേക്ക് ചുരുങ്ങിയിരുന്നു...

കല്‍പ്പറ്റ: നീണ്ട ഇടവേളക്ക് ശേഷം വയനാട്ടിലെ കൊവിഡ് കേസുകള്‍ കുറയുകയാണ്. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും നിതാന്തപരിശ്രമത്തിനൊടുവിലാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറക്കാനായിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളില്‍ ജില്ലയിലെ ജനങ്ങള്‍ ശരിക്കും അഗ്നിപര്‍വ്വതത്തിന് മുകളിലായിരുന്നു. നാള്‍ക്കുനാള്‍ കുതിച്ചുയരുന്ന കേസുകള്‍ ആരോഗ്യപ്രവര്‍ത്തകരിലും ആശങ്കയുണ്ടാക്കി. എങ്കിലും ടി.പി.ആര്‍ നിരക്ക് കുറഞ്ഞ് ജില്ല സാവധാനം ആശ്വാസതീരത്തേക്ക് അടുക്കുകയാണ്. പലയിടങ്ങളിലും പ്രത്യേക നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ഏപ്രില്‍, മെയ് മാസത്തെ പോലെ പോസിറ്റീവ് കേസുകള്‍ ഉയരുന്നില്ല എന്നതാണ് ആശ്വാസകരമായിരിക്കുന്നത്.

ജില്ലയില്‍ ചൊവ്വാഴ്ചത്തെ ടി.പി.ആര്‍ നിരക്ക് 12.37 ആണ്. തിങ്കളാഴ്ച ഇത് 13.76 ആയിരുന്നു. അതേ സമയം ആറാം തീയ്യതിയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10ലേക്ക് ചുരുങ്ങിയിരുന്നു. സുല്‍ത്താന്‍ബത്തേരി തന്നെയാണ് ആക്ടീവ് കേസുകള്‍ കൂടുതലുള്ള തദ്ദേശസ്ഥാപനമായി ഇപ്പോഴും തുടരുന്നത്. ഏഴാം തീയ്യതിയിലെ കണക്ക് പ്രകാരം ഇവിടെയുള്ള ആകെ കേസുകള്‍ 328 ആയിരുന്നു. ഇന്നലെ ഏഴ് രോഗികള്‍ മാത്രമാണ് ബത്തേരി നഗരസഭയിലുള്ളത്. കൂടുതല്‍ ആക്ടീവ് കേസുകള്‍ ഉള്ള രണ്ടാമത്തെ തദ്ദേശസ്ഥാപനം മേപ്പാടി പഞ്ചായത്ത് ആണ്. ഏഴ് വരെയുള്ള രോഗികളുടെ എണ്ണം 275  ആണ്. ഇന്നലെ 27 പേര്‍ മേപ്പാടിയില്‍ പോസിറ്റീവ് ആയിട്ടുണ്ട്. വെള്ളമുണ്ട 274, നെന്മേനി 207, പനമരം 205 എന്നിങ്ങനെയാണ് ഏഴാം തീയ്യതി വരെയുള്ള ആക്ടീവ് കേസുകള്‍. 297 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായിട്ടുണ്ട്. ആക്ടീവ് കേസുകളില്‍ നിന്ന് ഇത് കുറക്കുമ്പോള്‍ മുകളില്‍ പറഞ്ഞ എണ്ണത്തില്‍ മാറ്റം വന്നേക്കാം.  

ഏപ്രില്‍ പകുതിയോടെയാണ് ജില്ലയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്. ഏപ്രില്‍ 16ന് 348 പേര്‍ പോസീറ്റീവ് ആയപ്പോള്‍ 17-ാം തീയ്യതി 484 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. നിയന്ത്രണങ്ങള്‍ തുടരുമ്പോഴും കേസുകള്‍ കൂടി വരികയായിരുന്നു. ഏപ്രില്‍ 23ന് 812 പേര്‍ക്ക് രോഗമുണ്ടായി. ഇതില്‍ 802 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗബാധ. ഇതോടെ പനമരം, കോട്ടത്തറ, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി, തിരുനെല്ലി, പൂതാടി, മീനങ്ങാടി, നെന്മേനി, അമ്പലവയല്‍, തവിഞ്ഞാല്‍ പഞ്ചായത്തുകളില്‍ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നു.

26 ന് രോഗികളുടെ ഏണ്ണത്തില്‍ കുറവുണ്ടായെങ്കിലും മെയ് മാസത്തോടെ ആയിരത്തിന് മുകളിലേക്ക് രോഗികളെത്തി. ഇതര ജില്ലകളെ അപേക്ഷിച്ച് ജനസാന്ദ്രത ഇല്ലാതിരുന്നിട്ട് കൂടി കേസുകള്‍ കുതിര്‍ച്ചുയര്‍ന്നുവെന്നതാണ് വയനാടിന്റെ പ്രത്യേകത. കടുത്ത നിയന്ത്രണങ്ങള്‍ക്കും ബോധവത്കരണത്തിന് ശേഷമാണ് രോഗബാധ പിടിച്ചു നിര്‍ത്താനായിരിക്കുന്നത്. ആദിവാസി കോളനികളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചതോടെ അവിടെയും രോഗബാധ കുറഞ്ഞുവരികയാണ്. 'ഊരുരക്ഷ' പദ്ധതിയുടെ ഭാഗമായുള്ള നടപടികള്‍ ഇപ്പോഴും തുടരുന്നുണ്ട്. അതേ സമയം ജില്ലയില്‍ ആദ്യമായി ഒരു ആരോഗ്യപ്രവര്‍ത്തക കൊവിഡ് മൂലം മരിച്ചത് തീരാദുഃഖമായി അവശേഷിക്കുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!