
ഇടുക്കി: അനധികൃത വാഹന പാര്‍ക്കിംങ്ങും വഴിയോര കച്ചവടങ്ങളും സജീവമായതോടെ മൂന്നാറില്‍ വീണ്ടും ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. മൂന്നാറിലെ പ്രധാന വിനോദസഞ്ചാര മേഖലകളില്‍ എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ മണിക്കൂറുകളോളമാണ് കുരുക്കില്‍ അകപ്പെടുന്നത്. ത്രിതലപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ട്രാഫിക്ക് പരിഷ്‌കാരങ്ങള്‍ ഫലം കാണാത്തതും ഗതാഗത കുരുക്ക് വര്‍ദ്ധിക്കാന്‍ കാരണമായി.
കനത്ത വേനല്‍ചൂടില്‍ നിന്ന് ആശ്വസം തേടുന്നതോടൊപ്പം മൂന്നാറിലെ വിവിധ വിനോദസഞ്ചാര മേഖലകള്‍ സന്ദര്‍ശിച്ച് പുഷ്‌മേള ആസ്വദിച്ച് മടങ്ങാന്‍ എത്തിയ സഞ്ചാരികള്‍ ഗാതാഗത കുരുക്കില്‍ അകപ്പെട്ടത് മണിക്കൂറുകളോളമാണ്. മാട്ടുപ്പെട്ടി, രാജമല, ടോപ്പ് സ്റ്റേഷന്‍ തുടങ്ങിയ മേഖലകള്‍ സന്ദര്‍ശിച്ച് മടങ്ങാന്‍ എത്തിയ സഞ്ചാരികളാണ് ട്രാഫിക്ക് കുരുക്കില്‍ അകപ്പെട്ടത്. പല സ്ഥലങ്ങളിലേക്കും എത്തിപ്പെടാന്‍ ഒന്നര മണിക്കൂര്‍ മുതല്‍ രണ്ടുമണിക്കൂര്‍ വരെയാണ് റോഡില്‍ കിടക്കേണ്ടി വന്നതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വന്നതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് ദിനം തോറും കൂടിവന്നിരുന്നു. ഏപ്രില്‍ മെയ് മാസത്തോടെ സഞ്ചാരികളുടെ ഒഴുക്ക് പതിൻമടങ്ങ് വര്‍ദ്ധിക്കുമെന്ന് മനസിലാക്കിയ ദേവികുളം-മൂന്നാര്‍ പഞ്ചായത്തുകള്‍ വിവിധ പരിഷ്‌കാരങ്ങളാണ് മൂന്നാറില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി പാതയോരത്തെ പെട്ടിക്കടകളും അനധികൃത വാഹനപാര്‍ക്കിംങ്ങുകളും ഒഴിവാക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ വരുത്തിയ കാലതാമസവും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണ് മൂന്നാറില്‍ വീണ്ടും ട്രാഫിക്ക് കുരുക്ക് രൂക്ഷമാകാന്‍ ഇടയായതെന്ന ആക്ഷേപം ഉയരുന്നുണ്ട്. അനധികൃത പാര്‍ക്കിങ്ങും വഴിയോര കച്ചവടങ്ങളും വീണ്ടും സജീവമയയതോടെ വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ് മൂന്നാറിലുള്ളത്.