കൊവിഡ് 19: ഇടുക്കി-തേനി അതിര്‍ത്തിയില്‍ കനത്ത ജാഗ്രത, ചരക്ക് വാഹനങ്ങള്‍‌ക്ക് ഉള്‍പ്പെടെ നിയന്ത്രണം

By Web TeamFirst Published Mar 20, 2020, 9:54 AM IST
Highlights
  • ഇടുക്കിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തേനിയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം.
  •  തമിഴ്‌നാട്ടില്‍ നിന്നും ഇടുക്കിയിലേക്കുള്ള തൊഴിലാളി വാഹനങ്ങള്‍ മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ വിലക്കി.

ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയുടെ അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ തേനിയിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം. തമിഴ്‌നാട്ടില്‍ നിന്നും ഇടുക്കിയിലേക്കുള്ള തൊഴിലാളി വാഹനങ്ങള്‍ മാര്‍ച്ച് 31 വരെ വിലക്കി. ചരക്ക് വാഹനങ്ങള്‍ക്കടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കിയും ആളുകള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയാണ് കടത്തിവിടുന്നത്.

മൂന്നാറില്‍ വിദേശ വിനോദ സഞ്ചാരിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇടക്കിയോട് അതിര്‍ത്തി പങ്കിടുന്ന തേനി ജില്ലയിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് തേനി ജില്ലാ കളക്ടര്‍ നല്‍കിയിരിക്കുന്നത്. ബോഡി നാക്കന്നൂര്‍ അടക്കമുള്ള മേഖലകളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന തൊഴിലാളി വാഹനങ്ങള്‍ക്ക് ഈ മാസം 31 വരെ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

വിനോദ സഞ്ചാരികളുടെയും മറ്റും വാഹനങ്ങളും യാത്രക്കാരെയും കടത്തി വിടുന്നത് കര്‍ശന പരിശോധനയ്ക്ക് ശേഷമാണ്. അതിര്‍ത്തി കടന്നെത്തുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി രോഗ ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പി വരുത്തിയതിന് ശേഷം ബോധവല്‍ക്കരണം നടത്തിയുമാണ് കടത്തിവരുന്നത്. ഒപ്പം വാഹനങ്ങള്‍ അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യ വകുപ്പിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിലാണ് തമിഴ്‌നാട് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. അതുകൊണ്ട് ആശങ്കകള്‍ക്ക് ഇടയില്ലെന്നും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും ജനങ്ങളും പറയുന്നു. കൊവിഡ് പ്രതിരോധത്തിനൊപ്പം കേരളത്തില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മൃഗ സംരക്ഷണ വകുപ്പും അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!