കുളിച്ച് കയറിയ കുട്ടികൾ ചുവപ്പ് ട്രൗസർ കുടഞ്ഞു; അപകടമെന്ന് കരുതി ട്രെയിന്‍ നിര്‍ത്തി

By Web TeamFirst Published Jul 16, 2019, 9:35 AM IST
Highlights

കുളി കഴിഞ്ഞെത്തിയ കുട്ടികള്‍ മരപ്പൊത്തില്‍ നിന്ന് വസ്ത്രമെടുത്ത് കുടഞ്ഞതോടെ അപകടമാണെന്ന് കരുതിയാണ് ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തിയത് 

തലശ്ശേരി:  കുളികഴിഞ്ഞെത്തിയ കുട്ടികള്‍ ചുവന്ന ടൗസര്‍ കുടഞ്ഞു, അപകടമാണെന്ന് കരുതി ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തി. ഇന്നലെ ഉച്ചക്ക് കണ്ണൂര്‍ എടക്കാട് വച്ചാണ് സംഭവം. 12.15 ന് എടക്കാട് റെയില്‍വേ സ്റ്റേഷനിലെത്തിയ എറണാകുളം കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്പ്രസാണ് അഞ്ച് മിനിറ്റിലേറെ സമയം സ്റ്റേഷനില്‍ നിര്‍ത്തിയത്. 

സ്റ്റേഷന് സമീപമുള്ള കുളത്തില്‍ കുളിക്കാനെത്തിയ കുട്ടികള്‍ പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്തുള്ള മരപ്പൊത്തിലായിരുന്നു വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നത്. കുളി കഴിഞ്ഞെത്തിയ കുട്ടികള്‍ മരപ്പൊത്തില്‍ നിന്ന് വസ്ത്രമെടുത്ത് കുടഞ്ഞതാണ് ലോക്കോപൈലറ്റ് തെറ്റിദ്ധരിക്കാന്‍ ഇടയാക്കിയത്. കുട്ടി അപായ സൂചന നല്‍കുകയാണെന്ന് കരുതിയായിരുന്നു ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തിയത്. 

ട്രെയിന്‍ നിര്‍ത്തിയതോടെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കുട്ടികളോട് വിവരം തിരക്കിയതോടെയാണ് തെറ്റിദ്ധാരണ നീങ്ങിയത്. ഇതോടെ ട്രെയിന്‍ യാത്ര തുടരുകയായിരുന്നു. മതിയായ കാരണമില്ലാതെ ട്രെയിന്‍ നിര്‍ത്തിക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തിയ ശേഷം കുട്ടികളെ വിട്ടയച്ചു. സംഭവത്തിന്‍റെ ഗൗരവം കുട്ടികളുടെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയെന്ന് ആര്‍പിഎഫ് വ്യക്തമാക്കി. 

click me!