ആറു മാസം മുമ്പ് മരിച്ച കെഎസ് ആർടിസി കണ്ടക്ടർക്ക് സ്ഥലം മാറ്റം; സാങ്കേതിക പിഴവെന്ന് അധികൃതര്‍

By Web TeamFirst Published Oct 15, 2021, 7:50 PM IST
Highlights

ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്ടറായിരുന്ന പൂച്ചാക്കല്‍ സ്വദേശി ഫസലിന്‍റെ വേര്‍പാടിന്‍റെ മുറിവുണങ്ങും മുമ്പ് കുടുംബം നേരിട്ടത് നിരവധി പരീക്ഷണങ്ങളാണ്. 

ചേര്‍ത്തല: ആറ് മാസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ച(covid death) കെഎസ്ആർടിസി(ksrtc) കണ്ടക്ടർക്ക് സ്ഥലം മാറ്റ ഉത്തരവ്. പ്രിയപ്പെട്ടവന്‍റെ മരണത്തിന്‍റെ വേദനയില്‍ കഴിയുന്ന ബന്ധുക്കളെ ഞെട്ടിച്ചാണ് സ്ഥലംമാറ്റ ഉത്തരവെത്തിയത്. ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്ടറായിരുന്ന പൂച്ചാക്കല്‍ സ്വദേശി ഫസല്‍ റഹ്മാന്‍(36) കൊവിഡ് ബാധിച്ച് ആറ് മാസം മുമ്പേയാണ് മരണപ്പെട്ടത്. ആറ് മസം മുമ്പ് മരണപ്പെട്ട ഫസലിനെ ചേര്‍ത്തലയില്‍ നിന്നും എറണാകുളം ഡിപ്പോയിലേക്കു സ്ഥലംമാറ്റിയെന്നും ഉടനെ ജോയിന്‍ ചെയ്യണമെന്നുമാണ് ഉത്തരവ്.

ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്ടറായിരുന്ന പൂച്ചാക്കല്‍ സ്വദേശി ഫസലിന്‍റെ വേര്‍പാടിന്‍റെ മുറിവുണങ്ങും മുമ്പ് കുടുംബം നേരിട്ടത് നിരവധി പരീക്ഷണങ്ങളാണ്. ഫസല്‍ റഹ്മാൻ മരണമടഞ്ഞ് മരണാനന്തര കർമ്മങ്ങൾ നടക്കുമ്പോൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും ഫോൺവിളി വന്നിരുന്നു. അസുഖം കൂടുതലാണെന്നും ബന്ധുക്കൾ പെട്ടെന്ന് എത്തണമെന്നായിരുന്നു സന്ദേശം.  ഫോണ്‍ വിളി കേട്ട് ഫസലിന്‍റെ മരണാനന്തര കർമ്മങ്ങൾ നടത്തുകയായിരുന്ന ബന്ധുക്കളാകെ അമ്പരന്നു. പിന്നീട് അബദ്ധം മനസിലായ മെഡിക്കല്‍ കോളേജ് അധികൃതര്‍ ബന്ധുക്കളെ വിളിച്ച് വിവരം പറഞ്ഞു.

ഇതിനിടയിലാണ് ഫസല്‍ മരണപ്പെട്ട് ആറ് മാസം കഴിഞ്ഞ് സ്ഥലം മാറ്റ ഉത്തരവെത്തുന്നത്. കരടു സ്ഥലംമാറ്റ പട്ടികയില്‍ ഇല്ലാതിരുന്ന പേരാണ് അന്തിമ പട്ടികയില്‍ ഉള്‍പെട്ടത്. ഫസലിന്‍റെ മരണം യഥാസമയം റിപ്പോര്‍ട്ടു ചെയ്തിരുന്നതിനാലുള്ള സാങ്കേതികമായുണ്ടായ പിഴവാണ് പട്ടികയില്‍ ഉള്‍പെടാന്‍ കാരണമെന്നാണ്  കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നല്‍കിയ വിശദീകരണം.

click me!