
കായംകുളം: കെഎസ്ഇബിയുടെ(kseb) വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി9fake id card) വീടുകളിൽ കയറി കുടിശിക തുക പിരിച്ച വിരുതനെ പൊലീസ്(police) പിടികൂടി. ഓച്ചിറ വലിയകുളങ്ങര ചിറയിൽ സജീർ (42) ആണ് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. കെഎസ്ഇബിയുടെ വ്യാജ ഐ ഡി കാർഡും കാക്കി പാന്റും ധരിച്ച് ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരനാണെന്ന വ്യാജേന വീടുകളിലെത്തിയായിരുന്നു തട്ടിപ്പ്.
വൈദ്യുതി ചാർജ്ജ് കുടിശിക ഉണ്ടെന്നും അടച്ചില്ലെങ്കിൽ വീടിന്‍റെ കണക്ഷൻ വിച്ഛേദിക്കുമെന്നും പറഞ്ഞ് ആളുകളിൽ നിന്നും പണം തട്ടിവരികയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടവർ നിരവധി പേരാണ്. ഇലക്ട്രിസിറ്റി ബോർഡ് കായംകുളം വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിരവധി പരാതികൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കായംകുളം പൊലീസിനു പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കായംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സജീറിനെ അറസ്റ്റ് ചെയ്തത്. സി ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ് ഐ ആനന്ദ് കൃഷ്ണൻ, പോലീസുകാരായ വിഷ്ണു, അനീഷ്, ദീപക്ക്, ഫിറോസ്, സുനിൽ കുമാർ, അർച്ചന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.