
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പൊളിഞ്ഞു. ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയനും ഡ്രൈവേഴ്സ് യൂണിയനും സമിതിയില്‍ നിന്ന് പിന്‍മാറി.
ടോമിന്‍ തച്ചങ്കരി കെഎസ്ആർടിസി എംഡിയായിരുന്ന കാലഘട്ടത്തിലാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നിലവില്‍ വന്നത്. തച്ചങ്കരിക്കെതിരായ സമരത്തില്‍ സിഐടിയു ആഭിമുഖ്യമുള്ള കെഎസ്ആർടിഇഎയും ഐഎന്‍ടിയുസി ആഭിമുഖ്യമുള്ള ടിഡിഎഫും ഒരുമിച്ച് നിന്നു. പൊതു ശത്രുവായിരുന്ന തച്ചങ്കരി സ്ഥാനം ഒഴിഞ്ഞതോടെ യൂണിയനുകള്‍ക്കിടിയിലെ ഐക്യവും പൊളിഞ്ഞു.
തെരഞ്ഞെടുത്ത അഞ്ഞൂറോളം സര്‍വ്വീസുകളില്‍ പന്ത്രണ്ട് മണിക്കൂര്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താനുള്ള പുതിയ എംഡിയുടെ ഉത്തരവാണ് ഭിന്നതയ്ക്ക് ആക്കം കൂട്ടയത്. ഭരണാനുകൂല സംഘടനയായ കെഎസ്ആർടിഇഎ ഈ പരിഷ്കാരത്തെ പിന്തുണച്ചു.
എട്ട് മണിക്കൂര്‍ ഡ്യൂട്ടിയെന്ന തൊഴിലാളികളുടെ അവകാശം ഇടതു യൂണിയന്‍റെ പിന്തുണയില്‍ അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള സംഘടന സംയുക്ത സമിതി വിട്ടത്. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന്, പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാരെ തിരിച്ചെടുക്കുന്നതില്‍ ഫലവത്തായ നടപടി ഉണ്ടായിട്ടില്ല. തൊഴിലാളി ദ്രോഹ നയങ്ങള്‍ ചെറുക്കുന്നതില്‍ യോജിച്ച നിലപാടുമായി മുന്നോട്ട് പോകാന് കഴിയാത്ത സാഹചര്യത്തിലാണ് ഐക്യം അവസാനിപ്പിക്കുന്നതെന്ന് ടിഡിഎഫ് വ്യക്തമാക്കി.
സംയുക്ത സമര സമിതിയില്‍ ഇനി സിഐടിയുവിന് പുറമേ എഐടിയുസി നേതൃത്വത്തിലുള്ള കെഎസ്ആർടിസി എംപ്ളോയീസ് യൂണിയൻ മാത്രമാണുള്ളത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ടിഡിഎഫ് സംയുക്ത സമിതിയില്‍ നിന്ന് പിന്‍മാറിയതെന്നാണ് ഇവരുടെ ആക്ഷേപം. പന്ത്രണ്ട് മണിക്കൂര്‍ ഡ്യൂട്ടി പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണെന്ന് എംഡി വ്യക്തമാക്കിയിട്ടുണ്ടെന്നും ഭരണാനുകൂല സംഘടനകള്‍ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam