ആശാ വർക്കറുടെ വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്ക് കൈത്താങ്ങായ് കനിവ് 108 ആംബുലൻസ്

Web Desk   | Asianet News
Published : Feb 26, 2020, 09:00 PM IST
ആശാ വർക്കറുടെ വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്ക് കൈത്താങ്ങായ് കനിവ് 108 ആംബുലൻസ്

Synopsis

ആരോഗ്യനില മോശമായതോടെ വിജയ, സുനിതയെ ആശുപത്രിയിലെത്തിക്കാൻ വാഹനങ്ങളുടെ സഹായം തേടി. എന്നാൽ, വനമേഖലയായതിനാലും രാത്രിയിൽ റോഡിലേക്ക് മൃഗങ്ങൾ ഇറങ്ങുമെന്നതിനാലും സവാരി വരാൻ ആരും തയ്യാറായില്ല. 

തൃശൂർ: ആശാ വർക്കറുടെ വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലൻസ്. തൃശൂർ വെള്ളിക്കുളങ്ങര ആനപന്തം കോളനിയിൽ പ്രസാദിന്റെ ഭാര്യ സുനിത(22)ക്കും കുഞ്ഞിനുമാണ് കനിവ് 108 ആംബുലൻസ് ജീവനക്കാർ രക്ഷകരായത്. 

ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വൈകിട്ട് അഞ്ചുമണിയോടെ തേൻ ശേഖരിക്കാൻ പോകുന്നതിനിടെ വനത്തിനുള്ളിൽ വച്ച് സുനിതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. തുടർന്ന് രാത്രി എട്ടുമണിയോടെയാണ് ആശുപത്രിയിൽ കാണിക്കുന്നതിനായി ബന്ധുക്കളോടൊപ്പം സുനിത ഊരുമിത്രം ആശ പ്രവർത്തകയായ വിജയയുടെ വീട്ടിൽ എത്തിയത്. എന്നാൽ ആരോഗ്യനില മോശമായതോടെ വിജയ, സുനിതയെ ആശുപത്രിയിലെത്തിക്കാൻ വാഹനങ്ങളുടെ സഹായം തേടി. എന്നാൽ, വനമേഖലയായതിനാലും രാത്രിയിൽ റോഡിലേക്ക് മൃഗങ്ങൾ ഇറങ്ങുമെന്നതിനാലും സവാരി വരാൻ ആരും തയ്യാറായില്ല. 

ഇതോടെയാണ് ട്രൈബൽ പ്രമോട്ടർ ഷീജയുടെ നിർദേശപ്രകാരം വിജയ 108 ആംബുലൻസിന്റെ സേവനം തേടിയത്. 8.55ന് തിരുവനന്തപുരം ടെക്‌നോപാർക്കിലെ കണ്ട്രോൾ റൂമിൽ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സർവീസ് നടത്തുന്ന ആംബുലൻസ് സ്ഥലത്തേക്ക് തിരിച്ചു. വനപ്രദേശമായതിനാൽ രാത്രി ഒമ്പതരയോടെ സ്ഥലത്തെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ വളരെ ബുദ്ധിമുട്ടിയാണ് പൈലറ്റ് കൃഷ്ണപ്രസാദ് ആംബുലൻസ് ആനപന്തം കോളനിയിൽ എത്തിച്ചത്. 

ആംബുലൻസ് എത്തുമ്പോഴേക്കും സുനിത ആൺ കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഉടൻതന്നെ ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സുനീഷ് എത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിലേക്ക് മാറ്റി. പിന്നാലെ അമ്മയേയും കുഞ്ഞിനെയും ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ട്രൈബൽ പ്രമോട്ടർ ഷീജ അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കിട്ടിയത് പൂജ്യം വോട്ട്, എൽഡ‍ിഎഫ് സ്ഥാനാർഥിക്ക് ഒറ്റ വോട്ട് പോലുമില്ല! പട്ടാമ്പി ഫലത്തിൽ ഞെട്ടി അബ്ദുൽ കരീം; 'പാർട്ടിക്കാർ കൊടുത്ത പണി'
സ്കൂട്ടറിൻ്റെ മുൻവശത്ത് സൂക്ഷിച്ചത് പടക്കം, വിജയാഹ്ളാദത്തിനിടെ തീ പടർന്ന് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം