
കൊച്ചി: ഗ്രാന്‍റുകളും അലവന്‍സുകളും മാസങ്ങളായി മുടങ്ങിയതോടെ ആദിവാസികളടക്കമുള്ള ദലിത് വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനം പ്രതിസന്ധിയിലായി. പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പില്‍ നിന്നും നല്‍കുന്ന ഇ ഗ്രാന്‍റ്സാണ് ഒരു വര്‍ഷത്തിലേറെയായി മുടങ്ങിയത്. കോളേജ് ഫീസടക്കാനും ഹോസ്റ്റല്‍ വാടക കൊടുക്കാനും കഴിയാതെ വന്നതോടെ പല വിദ്യാര്‍ത്ഥികളും പഠനം ഉപേക്ഷിച്ച് മടങ്ങി.
"ബാക്കിയെല്ലാവരും ഫീസ് അടയ്ക്കുന്നുണ്ട്. നമ്മള്‍ക്ക് അടയ്ക്കാനാവുന്നില്ല. അപ്പോള്‍ ഒരു വേർതിരിവ് വരുമല്ലോ. മാനസികമായി പ്രശ്നം തോന്നും. ടീച്ചര്‍മാരുടെ കയ്യില്‍ നിന്ന് പൈസ വാങ്ങിയൊക്കെയാണ് പരീക്ഷ എഴുതിയിട്ടുള്ളത്"- ഇത് സജിത്തിന്‍റെ മാത്രം അനുഭവമല്ല. സര്‍ക്കാര്‍ ഗ്രാന്‍റുകളും അലവന്‍സുകളും ആശ്രയിച്ച് ഡിഗ്രി, പി ജി പഠനത്തിന് കാടിറിങ്ങി വന്ന ഒട്ടുമിക്ക വിദ്യാര്‍ത്ഥികളുടേയും അവസ്ഥയാണ്.
പെട്ടെന്നുണ്ടാവുന്ന ആവശ്യങ്ങളോ ചെലവുകളോ അല്ല ഇതൊന്നും. ബജറ്റില്‍ വകയിരുത്തുന്ന തുകയില്‍ നിന്നാണ് ഇ-ഗ്രാന്‍റ്സ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടത്. ഉന്നത പഠനത്തിന് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും കോഴ്സുകളുടെ ഫീസും മറ്റ് ചെലവുകളും കണക്കാക്കിയാണ് ഇത് വകയിരുത്തുന്നത്. എന്നിട്ടും കൃത്യമായ സമയത്ത് പണം നല്‍കാതെ വിദ്യാര്‍ത്ഥികളെ ദുരിതത്തിലാക്കുന്നത് സര്‍ക്കാരിന്‍റേയും ഉദ്യോഗസ്ഥരുടേയും അലംഭാവമാണെന്നാണ് പരാതി.
അലവന്‍സ് കിട്ടാത്തതിനാല്‍ നൂറിലധികം വിദ്യാർത്ഥികളാണ് കഴിഞ്ഞ രണ്ട് വർഷമായി പഠനം നിർത്തിപ്പോയതെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദന്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സമരത്തിലേക്കിറങ്ങാനാണ് രക്ഷിതാക്കളുടേയും വിവിധ ആദിവാസി ദളിത് സംഘടനകളുടെയും തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam