
ബത്തേരി: വയനാട്ടില്‍ കാട്ടാനയെ പേടിച്ച് ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു. ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉൾവനത്തിൽ വിറക് ശേഖരിക്കാൻ പോയ പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ ബസവിയാണ് മരിച്ചത്. 45 വയസായിരുന്നു. കോളനിയിലെ അഞ്ച് പേർ ചേർന്നാണ് വിറക് ശേഖരിക്കാൻ പോയത്. കാട്ടില്‍ വച്ച് ആന ഇവരെ ആക്രമിക്കുകയായിരുന്നു.
ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ ബസവി പുൽപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി മാച്ചിയ്ക്ക് ഓടി രക്ഷപ്പെടുന്നതിനിടെയിൽ നിസാര പരിക്കേറ്റു. കാട്ടാനയുടെ ആക്രമണമേറ്റ് തന്നെയാണ് ബസവി മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ ദേഹത്ത് കാട്ടാനയുടെ ചവിട്ടേറ്റ പാടുകളില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ വ്യക്തത വരുമെന്നും വനം വകുപ്പ് അറിയിച്ചു. ആറ് മാസം മുൻപ് സമീപമുള്ള നെയ്കുപ്പയിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ മറ്റൊരു ആദിവാസി സ്ത്രീ മരിച്ചിരുന്നു.
കൊല്ലം: കൊല്ലം നീണ്ടകര വേട്ടുതറയിലെ പെട്രോൾ പമ്പിൽ (petrol pumb) രണ്ടു ജീവനക്കാർക്ക് മർദനമേറ്റു. ചവറ കുളങ്ങരഭാഗം ജിപി ഭവനിൽ ഗോപാലകൃഷ്ണൻ, കൊല്ലം മൂതാക്കര സ്വദേശി പീറ്റർ കുമാർ എന്നിവർക്കാണ് മർദനമേറ്റത്. തിങ്കളാഴ്ച രാത്രി സ്കൂട്ടറിലെത്തിയ ആൾ ഇന്ധനം നിറയ്ക്കുന്ന സ്ഥലത്ത് നിൽക്കുകയായിരുന്ന സുരക്ഷാ ജീവനക്കാരനെ പ്രകോപനമില്ലാതെ മർദിക്കുകയായിരുന്നു എന്ന് ജീവനക്കാർ പറഞ്ഞു.
മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഗോപാലകൃഷ്ണൻ നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂട്ടറിലെത്തിയ ആൾ നീണ്ടകര സ്വദേശി അഗസ്റ്റിനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത ചവറ പൊലീസ് അഗസ്റ്റിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കൊച്ചി: എറണാകുളം ആലുവയിൽ പതിനാറുകാരനിൽ (16 Year Old Boy) നിന്ന് ഗർഭിണിയായ (Pregnant) പത്തൊൻപതുകാരിക്ക് എതിരെ പോക്സോ (POCSO Case) നിയമപ്രകാരം കേസെടുത്തു. പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് നടപടി. ഇരുവരും ഒരേ സ്കൂളിൽ പഠിക്കുന്നവരാണ്. പെൺകുട്ടി ആൺകുട്ടിയുമായി അടുപ്പത്തിലാവുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. പോക്സോ പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു