Haridas Murder : ഹരിദാസ് വധം: ലിജേഷിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലെന്ന് കെ സുരേന്ദ്രൻ

By Web TeamFirst Published Feb 22, 2022, 6:43 PM IST
Highlights

സിപിഎം നേതാക്കൾ നടത്തിയ പ്രകോപന പ്രസംഗങ്ങളാണ് കേരളത്തിലെ പല രാഷ്ട്രീയ കൊലപാതകങ്ങൾക്കും കാരണമായത്...

കോഴിക്കോട്: ഒരു പ്രസംഗത്തിലെ ചില വാക്കുകൾ അടർത്തിയെടുത്ത് ബിജെപി (BJP) തലശ്ശേരി മണ്ഡലം പ്രസിഡന്റും നഗരസഭ കൗൺസിലറുമായ ലിജേഷിനെ കൊലപാതക കേസിൽ (Murder Case) അറസ്റ്റ് (Arrest) ചെയ്തത് സിപിഎമ്മിന്റെ (CPM) രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ (K Surendran). പ്രസംഗത്തിന്റെ പേരിൽ കേസ് എടുക്കുകയാണെങ്കിൽ കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

സിപിഎം നേതാക്കൾ നടത്തിയ പ്രകോപന പ്രസംഗങ്ങളാണ് കേരളത്തിലെ പല രാഷ്ട്രീയ കൊലപാതകങ്ങൾക്കും കാരണമായത്. ലിജേഷിന്റെ ജനപ്രീതിയിൽ വിറളിപൂണ്ട സിപിഎം നേതൃത്വം അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുകയാണ്. ബിജെപി മണ്ഡലം പ്രസിഡന്റാണ് സിപിഎം പ്രവർത്തകന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് പറയുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. കൊല നടന്ന് പ്രതികളെ പിടികൂടുന്നതിന് മുമ്പ് ഗൂഡാലോചന തെളിയിക്കുന്നത് വിചിത്രമായ കാര്യമാണ്. 

പൊലീസിനെ ഉപയോഗിച്ച് ബിജെപിയുടെ സംഘടനാ പ്രവർത്തനം തടയാമെന്നത് പിണറായി സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. ഭരണകൂട ഫാസിസത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ബഹുജനങ്ങളെ അണിനിരത്തി സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ സമരം തുടങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു. 

അറസ്റ്റിലായത് ബിജെപി, ആർഎസ്എസ് പ്രവർത്തകർ, ഒപ്പം ബിജെപി കൗൺസിലറും

കണ്ണൂർ: തലശ്ശേരി ന്യൂമാഹി പുന്നോലിലെ ഹരിദാസിന്റെ കൊലപാതകത്തിൽ(Haridas Murder Case)  ബിജെപി ആർ എസ് പ്രവർത്തകരായ നാലുപേർ കൂടി അറസ്റ്റിലായി . ഗൂഢാലോചന നടത്തിയ നാല് പേരാണ് അറസ്റ്റിലായത്. വിമിൻ,അമൽ മനോഹരൻ,സുമേഷ്,ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. കൊമ്മൽ വാർഡ് കൗൺസിലർ ആയ ലിജേഷ് ബി ജെ പി മണ്ഡലം പ്രസിഡന്റ് കൂടിയാണ്

ഇവർക്ക് നേരിട്ട് കൊലപാതകത്തിൽ പങ്കുണ്ടോ എന്നാണ് പൊലീസിന്റെ അന്വേഷണം.  പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ട് പിടിക്കാനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കി. ഇന്നലെ പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങി വീട്ടിലെത്തിയതിന് പിന്നാലെയാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിന് പിന്നിൽ ബി ജെ പി യെന്നാണ് കൊലപാതകം നടന്നതു മുതൽ സി പി എം  ആരോപിക്കുന്നത്.എന്നാൽ ആരോപണം തള്ളി ബി ജെ പി നേതൃത്വം രം​ഗത്ത് വന്നിരുന്നു. എന്നാലിപ്പോൾ അറസ്റ്റിലായത് ബി ജെ പി ആർ എസ് എസ് പ്രവർത്തകരായതോടെ നേതൃത്വം വെട്ടിലായി.

ഹരിദാസന്‍റെ ശരീരം വെട്ടി വികൃതമാക്കിയെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

പരിയാരം മെഡിക്കൽ കോളേജിൽ ഇരുപതിലധികം വെട്ടുകൾ ഹരിദാസന്റെ ശരീരത്തിലുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോ‍ർട്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം കൊത്തിയരിഞ്ഞ് വികൃതമാക്കിയ നിലയിലാണ് ശരീരം. അരയ്ക്ക് താഴെയാണ് പ്രധാനപ്പെട്ട മുറിവുകളെല്ലാം. വെട്ടിയ സ്ഥലത്ത് തന്നെ വീണ്ടും വീണ്ടും വെട്ടിയതിനാൽ എത്ര തവണ വെട്ടിയെന്ന് തിരിച്ചറിയാനാവുന്നില്ലെന്നും വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും കാൽ മുറിച്ചു മാറ്റാൻ ശ്രമിച്ചതായും സംശയിക്കുന്നുണ്ട്. വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇടത്തേ കൈയിലും ആഴത്തിലുള്ള മുറിവുകൾ ഉള്ളതായി ഇൻക്വസ്റ്റ് റിപ്പോ‍ർട്ടിൽ പറയുന്നു.

click me!