അമ്മ മനസിന് ആദരം; കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ആദരം

Published : Nov 02, 2022, 10:26 AM ISTUpdated : Nov 02, 2022, 10:46 AM IST
അമ്മ മനസിന് ആദരം; കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ആദരം

Synopsis

12 ദിവസം മാത്രമായ കുഞ്ഞ് ഇതിനിടെ മുലപ്പാല്‍ ലഭിക്കാതെ ക്ഷീണിച്ചു കഴിഞ്ഞിരുന്നു.  അവശനിലയിലായ കുഞ്ഞിനെ പൊലീസ് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുഞ്ഞിന്‍റെ ഷുഗര്‍ ലെവല്‍ കുറവാണെന്ന് കണ്ടെത്തി. 


തിരുവനന്തപുരം / കോഴിക്കോട്: കാക്കികുള്ളിലെ അമ്മ മനസ്സിന് ആദരം നൽകി സേന. അമ്മയില്‍ നിന്ന് അകറ്റപ്പെട്ട് വിശന്ന് കരഞ്ഞ കുഞ്ഞിന് മുലപ്പാല്‍ നല്‍കി പരിചരിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥ രമ്യയ്ക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെയും സംസ്ഥാന പൊലീസ് മേധാവിയുടെ ആദരം. കഴിഞ്ഞ ശനിയാഴ്ച  രാവിലെയാണ് സംഭവം. കുടുംബപ്രശ്നത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞ് വിശന്ന് വാതോരാതെ കരഞ്ഞപ്പോൾ സിവിൽ പൊലീസ് ഓഫിസർ രമ്യയ്ക്ക് കണ്ട് നിൽക്കാൻ കഴിഞ്ഞില്ല. സ്വന്തം മുലപ്പാല്‍ നല്‍കി രമ്യ കുഞ്ഞിനെ ഊട്ടി. 

ശനിയാഴ്ച രാവിലെ 22 വയസ്സുളള യുവതി, കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കുടുംബ തര്‍ക്കത്തെത്തുടര്‍ന്ന് അച്ഛന്‍ കുഞ്ഞിനെ, അമ്മയുടെ അടുക്കല്‍ നിന്ന് മാറ്റുകയായിരുന്നു. കുഞ്ഞുമായി പിതാവ് ബാംഗ്ലൂരിലെ ജോലിസ്ഥലത്തേയ്ക്ക് പോയിരിക്കാം എന്ന നിഗമനത്തില്‍ വയനാട് അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനുകളില്‍ വിവരമറിയിച്ചു. സംസ്ഥാന അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞ് നടത്തിയ പരിശോധനയില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുഞ്ഞിനെയും പിതാവിനെയും സുല്‍ത്താന്‍ ബത്തേരി പൊലീസ്  കണ്ടെത്തി. 

എന്നാല്‍, 12 ദിവസം മാത്രമായ കുഞ്ഞ് ഇതിനിടെ മുലപ്പാല്‍ ലഭിക്കാതെ ക്ഷീണിച്ചു കഴിഞ്ഞിരുന്നു.  അവശനിലയിലായ കുഞ്ഞിനെ പൊലീസ് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുഞ്ഞിന്‍റെ ഷുഗര്‍ ലെവല്‍ കുറവാണെന്ന് കണ്ടെത്തി. ഇതിനിടെയാണ് കുഞ്ഞിനെ തിരഞ്ഞ് ചേവായൂര്‍ പൊലീസ് സംഘം വയനാട് എത്തിയത്. കുഞ്ഞിന്‍റെ ഷുഗര്‍ ലെവല്‍ താഴ്ന്നെന്ന് മനസിലാക്കിയ രമ്യ, ഡോക്ടറോട് താന്‍ മൂലയൂട്ടുന്ന അമ്മയാണെന്ന കാര്യം അറിയിച്ചു. തുടര്‍ന്ന് ഡോക്ടറുടെ അനുമതിയോടെ കുഞ്ഞിനെ ഏറ്റുവാങ്ങി മൂലയൂട്ടി. വിശന്നിരുന്ന ആ കുരുന്ന ജീവന്‍, ക്ഷീണിതനായി ഉറക്കം ആരംഭിച്ചു. തുടര്‍ന്ന് രാത്രി തന്നെ കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിച്ചു. രമ്യയുടെ പ്രവര്‍ത്തി സേനയില്‍ ഏറെ പ്രസംശകള്‍ ഏറ്റുവാങ്ങി. 

നാല് വര്‍ഷം മുമ്പ് പൊലീസ് സേനയില്‍ ചേര്‍ന്ന രമ്യ, കോഴിക്കോട് ചിങ്ങപുരം സ്വദേശിനിയാണ്. വനിതാ ബറ്റാലിയനിലെ രണ്ടാം ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കി ആംഡ് പൊലീസ് ബറ്റാലിയന്‍റെ നാലാം ദളത്തില്‍ സേവനമനുഷ്ടിച്ചിരുന്ന രമ്യ മാതൃത്വ അവധിക്ക് ശേഷമാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലിക്കെത്തിയത്. നാലും ഒന്നും വയസ്സുളള രണ്ട് കുട്ടികളുടെ മാതാവാണ് രമ്യ. മലപ്പുറം അരീക്കോട് കൊഴക്കോട്ടൂര്‍ എല്‍.പി.സ്കൂള്‍ അധ്യാപകന്‍ അശ്വന്ത് വിശ്വന്‍.വി.ആര്‍ ആണ് ഭര്‍ത്താവ്.    

മുലപ്പാല്‍ നല്‍കി കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ച എം.ആര്‍. രമ്യയെ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ആദരിച്ചു. കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രമ്യയെയും കുടുംബത്തെയും പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ് (Commendation Certificate) നല്‍കി ആദരിച്ചത്. മതിയായ ആഹാരം ലഭിക്കാതെ അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതിയ രമ്യയുടെ കാരുണ്യപൂര്‍വ്വമായ പ്രവൃത്തി സേനയുടെ യശസ്സ് വര്‍ധിപ്പിച്ചതായി സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. ക്ഷീണിതയായ കുഞ്ഞിനെ മുലപ്പാല്‍ നല്‍കി രക്ഷിക്കാന്‍ സ്വയമേവ മുന്നോട്ടുവന്ന രമ്യയുടെ സേവനം ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക്  കത്തെഴുതിയിരുന്നു. രമ്യയ്ക്ക് നല്‍കാനായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൈമാറിയ സര്‍ട്ടിഫിക്കറ്റും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് രമ്യയ്ക്ക് സമ്മാനിച്ചു. പൊലീസിന്‍റെ ഏറ്റവും നല്ല മുഖമാണ് ഈ ഓഫീസറെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ട്ടിഫിക്കറ്റില്‍ കുറിച്ചു.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ; സംഭവം പാലക്കാട് മുടപ്പല്ലൂരിൽ
നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം