
കൊച്ചി: അയൽവാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ വീട്ടമ്മ അറസ്റ്റിൽ. വടക്കേക്കര പട്ടണം കിഴക്കേത്തറ ബേബി (56) യെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നിന് വൈകിട്ട് നാല് മണിയോടെ പ്രതി പട്ടണം മുണ്ടേപ്പാടം ഭാഗത്ത് പുത്തേഴത്ത് വീട്ടിൽ ഷാജിയെയും മകൻ വിഷ്ണുവിനെയും വീട്ടിൽ അതിക്രമിച്ചു കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
അയൽവാസികളായ ബേബിയും ഷാജിയും തമ്മിൽ വർഷങ്ങളായി അതിർത്തി വേലിയെ സംബന്ധിച്ച് തർക്കം നില നിൽക്കുന്നുണ്ടായിരുന്നു എന്നാണ് പൊലിസ് പറയുന്നത്. മൂന്നിന് വൈകിട്ട് ബേബി അതിർത്തി വേലി പൊളിച്ച് പണിയുന്നത് വിഷ്ണു ചോദ്യം ചെയ്തപ്പോഴാണ് വിഷ്ണുവിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി കയ്യിലിരുന്ന വാക്കത്തി കൊണ്ട് ബേബി വിഷ്ണുവിനെയും അതിക്രമം തടയാൻ ശ്രമിച്ച അച്ഛൻ ഷാജിയേയും വെട്ടിപ്പരിക്കേൽപ്പിച്ചത്.
ആക്രമണത്തിൽ പരിക്ക് പറ്റിയ ഷാജിയും വിഷ്ണുവും ആശുപത്രിയിൽ ചികിത്സയിലാണ്. വടക്കേക്കര പൊലീസ് ഇൻസ്പെക്ടർ വി സി സൂരജ്, എസ്ഐമാരായ എം എസ് ഷെറി, വി എം റസാഖ്, സിപിഒമാരായ എൻ എം പ്രണവ്, കെ ജി ഷീല എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, പത്തനംതിട്ട പരുമലയിൽ കുടുംബ വഴക്കിനെ തുടർന്ന് അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്ന സംഭവത്തിന്റെ ഞെട്ടലിലാണ് ഒരു നാടാകെ. നാക്കട സ്വദേശികളായ കൃഷ്ണൻകുട്ടി, ഭാര്യ ശാരദ എന്നിവരാണ് മകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. പ്രതിയായ മകൻ അനിൽകുമാറിനെ പൊലീസും നാട്ടുകാരും ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. കുടുംബ വഴക്കിനൊടുവിൽ അച്ഛൻ കൃഷ്ണൻകുട്ടിയെ മകൻ അനിൽകുമാർ മാരകമായി വെട്ടി. തടസ്സം പിടിക്കാൻ ചെന്ന അമ്മ ശാരദയെയും ആക്രമിച്ചു. ഇരുവരും തൽക്ഷണം മരിച്ചു. അനിൽകുമാർ വിവാഹമോചിതനാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം