തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാളം മുറിച്ചു കടക്കല്‍ പ്രതിസന്ധിക്ക് പരിഹാരമാകുന്നു

By Web TeamFirst Published Sep 19, 2018, 8:06 PM IST
Highlights

ഇപ്പോള്‍ രണ്ടാം പ്രവേശന കവാടത്തിലൂടെ വന്ന് ടിക്കറ്റെടുക്കുന്നവര്‍ക്കും മറ്റു യാത്രക്കാര്‍ക്കുമൊക്കെ റെയില്‍വേ പാളം മുറിച്ചു കടന്ന് പ്ലാറ്റ് ഫോമിലേക്ക് ചാടിക്കയറി വേണം എത്താന്‍. പ്രായമായവരും ലഗ്ഗേജുകളുമായി വരുന്നവരും ഏറെ പാടുപെട്ടാണ് ട്രെയിന്‍ കയറാനെത്തുന്നത്. നടപ്പാലം പ്രവേശന കവാടത്തിലേക്ക് നീട്ടുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകും

തൃശൂര്‍: റെയില്‍വേ സ്റ്റേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗമേറുന്നു. ഒന്നാം പ്ലാറ്റ് ഫോമില്‍ നിന്ന് രണ്ടാം പ്ലാറ്റ് ഫോമിലേക്ക് നിലവില്‍ നിര്‍മിച്ചിട്ടുള്ള വീതി കൂടിയ നടപ്പാലം രണ്ടാമത്തെ പ്രവേശന കവാടത്തിലേക്ക് നീട്ടാന്‍ അനുമതിയായി. ഇതോടെ രണ്ടാം പ്രവേശന കവാടത്തില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് സ്റ്റേഷനിലെ ഏത് പ്ലാറ്റ് ഫോമിലേക്കും എത്താന്‍ സൗകര്യമായി. 

ഇപ്പോള്‍ രണ്ടാം പ്രവേശന കവാടത്തിലൂടെ വന്ന് ടിക്കറ്റെടുക്കുന്നവര്‍ക്കും മറ്റു യാത്രക്കാര്‍ക്കുമൊക്കെ റെയില്‍വേ പാളം മുറിച്ചു കടന്ന് പ്ലാറ്റ് ഫോമിലേക്ക് ചാടിക്കയറി വേണം എത്താന്‍. പ്രായമായവരും ലഗ്ഗേജുകളുമായി വരുന്നവരും ഏറെ പാടുപെട്ടാണ് ട്രെയിന്‍ കയറാനെത്തുന്നത്. നടപ്പാലം പ്രവേശന കവാടത്തിലേക്ക് നീട്ടുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകും. 

നടപ്പാലം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ജയകുമാര്‍ പറഞ്ഞു. ടെണ്ടര്‍ നടപടികള്‍ക്കാണ് തുടക്കം കുറിച്ചത്. രണ്ടു മാസത്തിനുള്ളില്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപ്പാലം നീട്ടി നിര്‍മിക്കുന്നതിന് തിരുവനന്തപുരം ഡിആര്‍എം വഴി ചെന്നൈ ദക്ഷിണ റെയില്‍വേയാണ് നല്‍കിയത്. 

വരുമാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന റെയില്‍വേ സ്റ്റേഷനെന്ന നിലയില്‍ യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും തൃശൂര്‍ റെയില്‍വേ സ്റ്റേഷനും ലഭ്യമായിക്കൊണ്ടിരിക്കയാണ്. കഴിഞ്ഞ ദിവസം പ്ലാറ്റ് ഫോമിലൂടെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള ബാറ്ററി വാഹനമായ 'ബഗ്ഗി' എത്തിയിരുന്നു. രണ്ട് വാഹനങ്ങളാണ് എത്തിയിരിക്കുന്നത്. 

ഒരാള്‍ക്ക് മുപ്പത് രൂപ നല്‍കിയാല്‍ ട്രെയിന്‍ കയറേണ്ട സ്ഥലത്ത് എത്തിക്കും. എസ്‌കലേറ്റര്‍, ലിഫ്റ്റ് സൗകര്യങ്ങളൊക്കെ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തനക്ഷമമാണ്. പക്ഷേ രണ്ടാം പ്രവേശന കവാടത്തിലേക്ക് ഇതുവരെ ഒരു സൗകര്യങ്ങളും ഇല്ല. നടപ്പാത രണ്ടാം കവാടത്തിലേക്ക് നീട്ടുന്നതോടെ ഈ പ്രശ്നത്തിനും പരിഹാരമാകും. ഭാവിയില്‍ രണ്ടാം കവാടത്തിലും ലിഫ്റ്റ് സൗകര്യമുണ്ടാകും. ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നതില്‍ ലിഫ്റ്റ് സൗകര്യമില്ല.

click me!