പത്തനംതിട്ടയിൽ 11 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അതിവേഗം ശിക്ഷ ഉറപ്പാക്കി പോലീസും കോടതിയും. വെറും അഞ്ച് ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ, മൂന്നര മാസത്തിനുള്ളിൽ പ്രതിക്ക് എട്ട് വർഷം കഠിനതടവ് ശിക്ഷ ലഭിച്ചു.

പത്തനംതിട്ട: 'വൈകി ലഭിക്കുന്ന നീതി നീതിനിഷേധത്തിന് തുല്യമാണ്' എന്ന തത്വം അന്വർത്ഥമാക്കി പത്തനംതിട്ട ജില്ലയിൽ പൊലീസിന്‍റെയും കോടതിയുടെയും മാതൃകാപരമായ ഇടപെടൽ. 11 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മൂന്നര മാസത്തിനുള്ളിൽ ഏനാത്ത് പൊലീസും പ്രോസിക്യൂഷനും ശിക്ഷ വാങ്ങി നൽകുകയായിരുന്നു. അടൂർ കരുവാറ്റ സ്വദേശി സുന്ദരേശനെ (71) ആണ് പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ടി. മഞ്ജിത്ത് എട്ടു വർഷം കഠിനതടവിനും 65,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്വേഷണം പൂർത്തിയായത് വെറും 5 ദിവസം കൊണ്ട്!

2025 നവംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം പുറത്തറിയുന്നത്. അതിജീവിതയ്ക്ക് നീതി വൈകരുത് എന്ന ഉറച്ച തീരുമാനത്തിൽ ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അടുത്ത ദിവസം തന്നെ പ്രതിയെ പിടികൂടി. ഏനാത്ത് എസ്എച്ച്ഒ അനൂപ് അച്ചൻകുഞ്ഞിന്‍റെ നേതൃത്വത്തിലുള്ള സംഘം അങ്ങേയറ്റം കാര്യക്ഷമമായി അന്വേഷണം നടത്തി വെറും അഞ്ചു ദിവസത്തിനുള്ളിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു എന്നത് ഈ കേസിന്‍റെ വിജയത്തിൽ നിർണ്ണായകമായി. കോടതി നടപടികൾ വേഗത്തിലാക്കാൻ ഡിസിആർബി ഡിവൈഎസ്പി ബിനു വർഗീസിന്റെ മേൽനോട്ടത്തിൽ എസ്ഐ വിമൽ, എസ്‍സിപിഒ വിവേക് എന്നിവരടങ്ങുന്ന സെൻട്രൽ എയ്ഡ് പ്രോസിക്യൂഷൻ ടീം മികച്ച രീതിയിൽ പ്രവർത്തിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിതാ ജോൺ ഹാജരായി.