തൊടുപുഴ ഒളമറ്റത്ത് കോളേജ് വിദ്യാർഥികൾ താമസിക്കുന്ന ഫ്ലാറ്റിൽ എക്സൈസ് നടത്തിയ പരിശോധനയിൽ പ്രമുഖ ലഹരി വിൽപ്പനക്കാർ പിടിയിലായി. നെയ്ശ്ശേരി സ്വദേശി ഹാരിസ്, തോംസൺ എന്നിവരിൽ നിന്ന് 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു
തൊടുപുഴ: ഇടുക്കി ജില്ലയിലെ ഒളമറ്റത്ത് കോളേജ് വിദ്യാർഥികൾ താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് ലഹരി വിൽപ്പനക്കാരെ എക്സൈസ് പിടികൂടി. എം ഡി എം എയും കഞ്ചാവും അടക്കം ഇവരിൽ നിന്ന് പിടിച്ചെടുത്തെന്ന് എക്സൈസ് അറിയിച്ചു. ഇടുക്കി ജില്ലയിലെ വിതരണക്കാരിൽ പ്രധാനിയായ നെയ്ശ്ശേരി സ്വദേശി ഹാരിസും സുഹൃത്ത് തോംസണുമാണ് പിടിയിലായത്. തൊടുപുഴയിലെ സ്വകാര്യ കോളേജിലെ ആൺകുട്ടികളും പെൺകുട്ടികളും താമസിക്കുന്ന ഫ്ലാറ്റിൽ നിന്നാണ് പ്രതികളെ ലഹരി വസ്തുക്കളുമായി പിടികൂടിയതെന്ന് എക്സൈസ് വിവരിച്ചു. ബെംഗളൂരുവിൽ നിന്നാണ് ലഹരിയുമായി ഇവർ തൊടുപുഴയിൽ എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഫ്ലാറ്റിലേക്ക് താമസക്കാരല്ലാതെ നിരവധി ആളുകൾ പതിവായെത്തുന്നുവെന്ന പരാതി എക്സൈസിന് നേരത്തെ തന്നെ കിട്ടിയിരുന്നു. ഇതനുസരിച്ചുള്ള പരിശോധനയിലാണ് ഹാരിസും തോംസണും കുടുങ്ങിയത്.
വിശദ വിവരങ്ങൾ
ഒളമറ്റം അറയ്ക്കപ്പാറക്ക് സമീപമുള്ള ഫ്ലാറ്റിൽനിന്നാണ് 31കാരൻ ഹാരിസിനേയും സുഹൃത്ത് മൈലക്കൊന്പ് സ്വദേശി 23 കാരൻ തോംസൺ ജോയിയേയും പിടികൂടിയത്. തൊടുപുഴയിലെ സ്വകാര്യ കോളേജിലെ ആൺകുട്ടികളും പെൺകുട്ടികളും താമസിക്കുന്ന ഫ്ലാറ്റിലായിരുന്നു ലഹരി വസ്തുക്കളുമായി പ്രതികൾ എത്തിയത്. ഫ്ലാറ്റിൽ താമസിക്കുന്ന ഒരു വിദ്യാർഥിയുടെ മുറിയിൽ നിന്നാണ് 39 ഗ്രാം എം ഡി എം എയും 10 ഗ്രാം കഞ്ചാവുമായി ഹാരിസിനേയും തോംസണേയും ഇന്ന് ഉച്ചയോടെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്നാണ് ലഹരിയുമായി ഇവർ തൊടുപുഴയിൽ എത്തിയത്. നഗരത്തിലെ ലോഡ്ജിൽ താമസിച്ചാൽ പിടിക്കപ്പെടുമെന്ന് കരുതിയാണ് തോംസണിന്‍റെ സുഹൃത്ത് താമസിക്കുന്ന ഫ്ലാറ്റിലെ മുറിയിലെത്തിയത്. ഒരു ദിവസം വിശ്രമിക്കാൻ വന്നതാണെന്നായിരുന്നു ഇരുവരും സുഹൃത്തിനോട് പറഞ്ഞത്. ഈ ഫ്ലാറ്റിലേക്ക് താമസക്കാരല്ലാതെ നിരവധി ആളുകൾ പതിവായെത്തുന്നുവെന്ന പരാതി എക്സൈസിന് നേരത്തെ തന്നെ കിട്ടിയിരുന്നു. ഇതനുസരിച്ച് പരിശോധനയക്ക് എത്തിയപ്പോഴാണ് ഹാരിസിനേയും തോംസണേയും എക്സൈസ് സംഘത്തിന് പിടികൂടാനായത്. തൊടുപുഴ വെങ്ങല്ലൂരിൽ 50 കിലോ കഞ്ചാവുമായി 5 വർഷം മുമ്പ് ഹാരിസിനെ പിടികൂടിയിരുന്നു. ആ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലുമായിരുന്നു. ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ലഹരി വിൽപ്പന നടത്തിയത്. തൊടുപുഴയിലെ ലഹരി വിൽപ്പനയുടെ പ്രധാനികളിലൊരാളാണ് ഹാരിസ്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിനു വർഗീസിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.


