വേനൽമഴ; തലസ്ഥാന നഗരം വെള്ളക്കെട്ടിൽ, ആസൂത്രണത്തിലെ പിഴവെന്ന് വിമര്‍ശനം; മുന്നോട്ട് നീങ്ങാതെ ഓപ്പറേഷന്‍ അനന്ത

By Web TeamFirst Published May 12, 2021, 4:16 PM IST
Highlights

ഓപ്പറേഷൻ അനന്ത പോലെ കോടികളുടെ പദ്ധതി എന്തുകൊണ്ട് വെള്ളത്തിലായെന്ന് പരിശോധിക്കണമെന്ന് നിയുക്ത എംഎൽഎ ആന്‍റണി രാജു ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: ഇന്നലെയുണ്ടായ മഴയിൽ തലസ്ഥാനത്തെ പ്രധാന റോഡുകൾ മുങ്ങിപ്പോയതിന് കാരണം ആസൂത്രണത്തിലെ പിഴവെന്ന് ആരോപണം. വേനൽ മഴ അഞ്ചുമണിക്കൂർ നിർത്താതെ പെയ്തപ്പോൾ  തന്നെ തലസ്ഥാന നഗരം വെള്ളത്തിലായി.  തമ്പാനൂര്‍ റെയിൽവേ സ്റ്റേഷനും, എസ്എസ് കോവിൽ റോഡും അട്ടക്കുളങ്ങരയുൾപ്പടെയുള്ള സ്ഥലങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വർഷകാലത്തിന് ഇനി ആഴ്ചകൾ മാത്രമാണുള്ളത്. നഗരത്തിലെ ഓടകളിൽ മഴക്കാലപൂ‍ർവ്വ ശുചീകരണം ഇനിയും പൂർത്തിയായിട്ടില്ല.

ഓപ്പറേഷൻ അനന്ത പോലെ കോടികളുടെ പദ്ധതി എന്തുകൊണ്ട് വെള്ളത്തിലായെന്ന് പരിശോധിക്കണമെന്ന് നിയുക്ത എംഎൽഎ ആന്റണി രാജു ആവശ്യപ്പെട്ടു. ഓപ്പറേഷൻ അനന്തപോലെ ദീർഘകാല പദ്ധതികളെ മാത്രം ആശ്രയിച്ചാൽ വെള്ളക്കെട്ടിന് പരിഹാരമാകില്ലെന്നാണ് നിയുക്ത എംഎൽഎ പറയുന്നത്. അനന്തയുടെ തുടർഘട്ടങ്ങൾ നിലച്ചതും മഴക്കാലപൂർവ ശുചീകരണം പൂർത്തിയാകാത്തതും സ്ഥിതി വഷളാക്കുന്നുവെന്നാണ് മറുവാദം.

2015 ൽ 25 കോടി മുടക്കിയ ഓപ്പറേഷൻ അനന്ത പിന്നെ അനങ്ങിയില്ല. ഇതിന്റെ തുടർച്ചയുണ്ടാകണമെന്നും ഓടകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണമെന്നും പദ്ധതിയുടെ അമരക്കാരനായിരുന്ന മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ പറയുന്നു. നഗരത്തിന് ഇതുവരെ ഒരു ഡ്രെയ്നേജ് മാപ്പില്ലാത്തതും തിരിച്ചടിയാണ്. മഴക്കാലപൂർവ്വ ശുചീകരണത്തിന് നേതൃത്വം നൽകേണ്ട നഗരസഭയുൾപ്പടെയുള്ള സ്ഥാപനങ്ങൾ നിലവിൽ കൊവിഡ് , ലോക്ഡൗൺ പ്രവർത്തനങ്ങൾക്കാണ് മുൻഗണന കൊടിത്തിരിക്കുന്നത്. ഇതും കാര്യങ്ങൾ വൈകിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!