പാപ്പാനെ കൊലപ്പെടുത്തിയതിനെ തുടർന്ന് മാസങ്ങളായി ചങ്ങലയിലായിരുന്ന ഹരിപ്പാട് ക്ഷേത്രത്തിലെ സ്കന്ദൻ എന്ന ആനയെ ആനത്തറിയിലേക്ക് മാറ്റി. ആറു മാസത്തോളം വിശ്രമം വേണ്ടിവന്നേക്കാം.

ഹരിപ്പാട്: പാപ്പാനെ കുത്തിക്കൊലപ്പെടുത്തിയതിനെ തുടർന്ന് മാസങ്ങളായി ചങ്ങലയിൽ ബന്ധിതനായിരുന്ന ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന സ്കന്ദനെ ആനത്തറിയിലേക്ക് മാറ്റി. കഴിഞ്ഞ ഓഗസ്റ്റ് 30ന് ഇടഞ്ഞ സ്കന്ദൻ ഒരു പാപ്പാനെ കൊല്ലുകയും മറ്റൊരാളെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. അന്ന് മയക്കുവെടി വെച്ച് ക്ഷേത്രപരിസരത്ത് തളച്ച സ്കന്ദനെ പരിചരിക്കാൻ ദേവസ്വം ബോർഡിലെ പാപ്പാന്മാർ എത്താത്ത സാഹചര്യത്തിൽ ആനയുടെ സംരക്ഷണം ആശങ്കയിലായിരുന്നു. ഒടുവിൽ ദേവസ്വം ബോർഡ് നിയമിച്ച പാപ്പാൻ ജിതിനും സഹായികളായ മനീഷ്, അനീഷ് എന്നിവരും ചേർന്നാണ് സ്കന്ദനെ ആനത്തറിയിലേക്ക് മാറ്റിയത്. വെയിലേൽക്കാതെ വിശ്രമിക്കുന്ന സ്കന്ദൻ ഇപ്പോൾ ശാന്തനാണ്.

Add Asianetnews as a Preferred SourcegooglePreferred

ദേവസ്വം വെറ്ററിനറി ഡോക്ടർമാർ കഴിഞ്ഞ ദിവസം ആനയെ പരിശോധിച്ചിരുന്നു. ഈ മാസം അവസാനത്തോടെ ആനയ്ക്ക് നീരൊഴുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ ആറു മാസമെങ്കിലും സ്കന്ദന് ആനത്തറിയിൽ വിശ്രമിക്കേണ്ടിവരും. കാൽ നൂറ്റാണ്ടിനു മുൻപ് ക്ഷേത്രത്തിലെത്തിയ സ്കന്ദൻ രണ്ട് പാപ്പാന്മാരെയും ഒരു നാട്ടുകാരനെയും കൊലപ്പെടുത്തി. അവസാനമായി കണ്ടിയൂർ ക്ഷേത്രത്തിലെ പാപ്പാനായിരുന്ന പന്തളം സ്വദേശി മുരളിയെയാണ് സ്കന്ദൻ കൊലപ്പെടുത്തിയത്. അക്രമാസക്തനാകുന്ന സ്കന്ദൻ ഇനിയും ആളുകളെ അപായപ്പെടുത്തുമെന്ന ഭീതിയിൽ പാപ്പാന്മാരാരും എത്താത്ത സാഹചര്യത്തിലാണ് യുവാക്കളായ ജിതിനും മനീഷും അനീഷും ഈ ദൗത്യം ഏറ്റെടുത്തത്.