
തൃശ്ശൂര്‍: കഴിഞ്ഞ ദിവസമാണ് വടക്കുംനാഥ ക്ഷേത്രത്തിനുള്ളിലെ ആൽമരത്തിൽ ചുവന്ന നിറത്തിലുള്ള തുണി ശ്രദ്ധയിൽപ്പെട്ടത്. സംഭവം ചിലർ സിപിഎം കൊടിയാണ് ആൽമരത്തിൽ കെട്ടിയതെന്ന് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതോടെ പാർട്ടി കൊടി ആല്‍മരത്തില്‍ കെട്ടിയെന്ന ആരോപണവും നവമാധ്യമങ്ങളില്‍ ഇതിനെ ചൊല്ലി തര്‍ക്കവും തുടങ്ങി. ഒടുവില്‍ ആല്‍മരത്തില്‍ കയറി 'ചെങ്കൊടി' പരിശോധിച്ചപ്പോഴാണ് അമിതാവേശക്കാര്‍ക്ക് അമിളി തിരിച്ചറിഞ്ഞത്.
സമൂഹമാധ്യമങ്ങളില്‍ ചിത്രം പ്രചരിച്ചതോടെ ക്ഷേത്ര ഭാരവാഹികൾക്ക് തുരുതുരാ ഫോണ്‍ കോളുകൾ എത്തി തുടങ്ങിയിരുന്നു. ഒടുവില്‍ കേഷ്ത്രത്തിലെ ആനയായ എറണാകുളം ശിവകുമാറിന്‍റെ പാപ്പാൻ സുരേഷ്കുമാർ സാഹസികമായി ആലിന് മുകളില്‍ കയറി. ചെറിയ കൊമ്പിലെ കൊടി താഴെ ഇറക്കിയതോടെയാണ് 'ചെങ്കൊടി' പ്രചരണം നടത്തിയവർക്ക് അമളി പറ്റിയതാണെന്ന് മനസ്സിലായത്. കഴിഞ്ഞ മാസം തൃശ്ശൂരിൽ നടന്ന കർഷക സംഘം അഖിലേന്ത്യ സമ്മേളനത്തിൽ അമിട്ട് പൊട്ടിച്ചപ്പോൾ ഉള്ളിലുണ്ടായിരുന്ന കൊടിയാണ് മരത്തിൽ കുടുങ്ങിയത്.
മരക്കൊമ്പില്‍ ഉടക്കി നിന്നിരുന്ന കൊടി കാറ്റടിച്ചപ്പോൾ താഴേക്ക് നിവർന്നു. ഇതോടെയാണ് ഇത് എല്ലാവരും ശ്രദ്ധിച്ചതും സിപിഎമ്മിന്‍റെ കൊടിയാണെന്ന് തെറ്റിദ്ധരിച്ചതും. ഇത്തരത്തിൽ അമിട്ട് പൊട്ടിച്ചപ്പോൾ ക്ഷേത്ര പരിസരത്തെ നിരവധി മരങ്ങളിൽ ചുവന്ന കൊടി വീണിരുന്നു. എന്തായാലും അമിട്ടിനുള്ളിലെ കൊടി താഴെ എത്തിയപ്പോഴേക്കും വിവാദവും അവസാനിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam