Asianet News MalayalamAsianet News Malayalam

'ഇന്ത്യല്‍ ജനിച്ച ഹിന്ദുക്കള്‍', വറ്റി വരണ്ട ഖജനാവും ധവള പത്രവും, ത്രിപുരയിലെ ഓപ്പറേഷന്‍ താമര- 10 വാര്‍ത്തകള്‍

ഇതിനിടെ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ലഹരിക്കടത്തില്‍ രണ്ട് പേര്‍ക്കെതിരെ കൂടി സിപിഎം നടപടിയെടുത്തു, ഗവര്‍ണറുടെ ഹിന്ദു പരാമര്‍ശം, ത്രിപുരയിലെ ഓപ്പറേഷൻ താമര, ധാരണ തെറ്റിച്ച കോണ്‍ഗ്രസ്- ഇന്നത്തെ പ്രധാന വാര്‍ത്തകളറിയാം.

todays top ten news 28-1-2023
Author
First Published Jan 28, 2023, 6:45 PM IST

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാരിനെ രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷവും ബിജെപിയും. ധൂര്‍ത്തും അഴിമതിയും കാരണം കേരളം തകര്‍ന്നുവെന്നും ഗുരുതരമായ കടക്കെണിയിലാണെന്നും ആരോപിച്ച് യുഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ധവളപത്രം പുറത്തിറക്കിയിരിക്കുകയാണ്.  സംസ്ഥാനം സാമ്പത്തികമായി തകർന്ന സാഹചര്യത്തിൽ ധവളപത്രമിറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്ത് വന്നുകഴിഞ്ഞു. ഇതിനിടെ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ലഹരിക്കടത്തില്‍ രണ്ട് പേര്‍ക്കെതിരെ കൂടി സിപിഎം നടപടിയെടുത്തു, ഗവര്‍ണറുടെ ഹിന്ദു പരാമര്‍ശം,  ത്രിപുരയിലെ ഓപ്പറേഷൻ താമര, ധാരണ തെറ്റിച്ച കോണ്‍ഗ്രസ്- ഇന്നത്തെ പ്രധാന വാര്‍ത്തകളറിയാം.

1. ത്രിപുരയിൽ 'ധാരണ' തെറ്റി: 13 ന് പകരം 17 ഇടത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ത്രിപുരയിൽ സിപിഎമ്മുമായുള്ള സീറ്റ് ധാരണ ലംഘിച്ച് പതിമൂന്നിന് പകരം 17 സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍‍ത്ഥികളെ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് അടക്കം 48 സ്ഥാനാര്‍ഥികളെ ബിജെപിയും പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിൽ അതൃപ്തരായ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ അടിച്ചു തകര്‍ത്തു. 
അറുപത് നിയമസഭ സീറ്റുകളിലേക്ക് നടക്കുന്ന തെര‍ഞ്ഞെടുപ്പില്‍ 47 സീറ്റ് ഇടത് പാര്‍ട്ടികള്‍ക്കും 13 കോണ്‍ഗ്രസിനും എന്നതായിരുന്നു ധാരണ. എന്നാല്‍ ബിജെപിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് തെറ്റി.

2. ത്രിപുരയിൽ ഓപ്പറേഷൻ താമരയെന്ന് സംശയം, നേതാക്കളുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പ്രദ്യുത് ദേവ് ബർമൻ

ത്രിപുരയിൽ ഓപ്പറേഷൻ താമരയെന്ന വെളിപ്പെടുത്തലുമായി തിപ്ര മോത പാർട്ടി നേതാവ് പ്രത്യുദ് ദേബ് ബർമൻ. ഐപിഎഫ്ടി നേതാക്കളുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പ്രത്യുദ് ദേബ് ബർമൻ പറഞ്ഞു. 11 മണി മുതൽ ഒരു നേതാവിനെയും ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല. ഓപ്പറേഷൻ താമര തുടങ്ങിയതായി തോന്നുന്നുണ്ടെന്നും പ്രത്യുദ് വ്യക്തമാക്കി. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടിയും തിപ്ര മോതയും തമ്മിൽ ലയന ചർച്ചകൾ നടക്കുന്നതിനിടെയാണ് നീക്കം. ത്രിപുരയിൽ 12 സീറ്റുകൾ ഒഴിച്ചിട്ടാണ് ഇന്ന് ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്

3. 'ധൂര്‍ത്തും അഴിമതിയും കാരണം കേരളം തകര്‍ന്നു, ഗുരുതരമായ കടക്കെണി', വീണ്ടും ധവളപത്രവുമായി പ്രതിപക്ഷം

സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം. സംസ്ഥാന സർക്കാരിന്‍റെ ധൂർത്തും അഴിമതിയും മോശം നികുതിപിരിവുമാണ് പ്രശ്നത്തിന്‍റെ കാരണമെന്നാണ് ഇന്ന് വൈകിട്ട് പുറത്തുവിടുന്ന ധവളപത്രത്തിലെ കുറ്റപ്പെടുത്തൽ. കട്ടപ്പുറത്തെ കേരള സർക്കാർ എന്നപേരിലാണ് ധവളപത്രം. മൂന്നിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് സംസ്ഥാനത്തെ ധന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയുള്ള യുഡിഎഫ് ധവളപത്രം.

4. 'ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കള്‍', തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവര്‍ണര്‍

ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ഹിന്ദുവെന്ന് വിളിക്കണം. ഹിന്ദുവെന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണ്ണയിക്കുന്ന പദമാണെന്നും ഗവര്‍ണര്‍. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. സനാതന ധര്‍മ്മം ഉയര്‍ത്തിക്കാട്ടിയ സംസ്കാരത്തിന്‍റെ പേരാണ് ഹിന്ദുവെന്ന് പറഞ്ഞായിരുന്നു ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗം.


5. 45 ലക്ഷത്തിന്റെ ലഹരിക്കടത്ത് : ആലപ്പുഴയിൽ സിപിഎം അംഗത്തെ പുറത്താക്കി, മറ്റൊരാൾക്ക് സസ്പെൻഷൻ

ആലപ്പുഴയിലെ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ലഹരിക്കടത്തില്‍ രണ്ട് പേര്‍ക്കെതിരെ കൂടി സിപിഎം നടപടി. വലിയ മരം പടിഞ്ഞാറെ ബ്രാഞ്ച് അംഗങ്ങളായ വിജയ കൃഷ്ണനും സിനാഫിനും എതിരെയാണ് നടപടി .വിജയകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോൾ, സിനാഫിനെ ഒരു വര്‍ഷത്തേക്ക് സസ്പെനഡ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് നടപടി. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. പ്രതിക്കായി ജാമ്യം നിന്നുവെന്നതാണ് സിനാഫിനെതിരെ പാര്‍ട്ടി ചുമത്തിയ കുറ്റം.  ഇതേ കേസിലെ പ്രതിയായ ഇജാസിനെ കൗൺസിലർ ഷാനവാസിന്‍റെ ലോറിയില്‍ ലഹരിക്കടത്തിയതിന് പാര്‍ട്ടി നേരത്തെ പുറത്താക്കിരുന്നു. 

6. ലൈഫ് മിഷൻ കോഴ ഇടപാട്: എം ശിവശങ്കറിന് ഇഡി നോട്ടീസ്, ചൊവ്വാഴ്ച ഹാജരാകണം

ലൈഫ് മിഷൻ കോഴ ഇടപാടില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ എം ശിവശങ്കറിന് ഇഡി നോട്ടീസ്. ചൊവ്വാഴ്ച്ച കൊച്ചിയിലെത്താനാണ് നിര്‍ദേശം. ജനുവരി 31 ന്  ശിവശങ്കർ വിരമിക്കുന്നതിനാൽ ദിവസം മാറ്റി നൽകാൻ ആവശ്യപ്പെട്ടു. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ  കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ  സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് എടുത്തത്. 

7. 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കും; തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്രാപിക്കും. ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തേക്ക് എത്തുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലും മഴ ലഭിക്കും തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

8. 10 പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതി, നടപടി അഡ്വ. സൈബി ജോസ് ഹാജരായ രണ്ട് കേസുകളിൽ

ജഡ്ജിയ്ക്ക് കൈക്കൂലി നൽകാൻ പണം വാങ്ങിയെന്ന സംഭവത്തിൽ അന്വേഷണം നേരിടുന്ന അഡ്വ. സൈബി ജോസ് ഹാജരായ  രണ്ട് കേസുകളിൽ അസാധാരണ നടപടിയുമായി ഹൈക്കോടതി. സൈബി ഹാജരായ രണ്ട് കേസുകളിൽ  പ്രതികൾക്ക് ജാമ്യം നൽകിയ  ഉത്തരവ് ജസ്റ്റിസ് സിയാദ് റഹ്മാൻ തിരിച്ചു വിളിച്ചു. ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ച പറ്റിയെന്നു വിലയിരുത്തിയാണ് നടപടി. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ലെന്ന്  കോടതിയെ ധരിപ്പിച്ചാണ് കേസിൽ പ്രതികൾക്ക് അനുകൂലമായി ഉത്തരവ് സമ്പാദിച്ചത്. 

9. മധ്യപ്രദേശില്‍ വിമാനാപകടം: സുഖോയ്, മിറാഷ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു, അപകടം പരിശീലനപ്പറക്കലിന് ഇടയില്‍

മധ്യപ്രദേശിലെ മൊറേനയിൽ വ്യോമസേന വിമാനങ്ങൾ തകർന്ന് ഒരു പൈലറ്റ് മരിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടം. പുലർച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തിൽ നിന്ന് പറന്ന് പൊങ്ങിയ സുഖോയ് - 30, മിറാഷ് 2000 വിമാനങ്ങളാണ് തകർന്ന് വീണത്. ഇരുവിമാനങ്ങളും പരിശീലനത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

10. രാജസ്ഥാൻ തെരഞ്ഞെടുപ്പിലെ തുറുപ്പ് ചീട്ട്? ഗുജ്ജർ വിഭാഗക്കാരെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

 തെരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനിൽ ഗുജ്ജർ വിഭാഗക്കാരെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നീക്കം. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ മാലാസേരി മേഖലയിൽ ഭഗവാൻ ദേവ് നാരായണിന്റെ ജന്മവാർഷിക ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജ്ജർ വിഭാക്കാർ രാജ്യത്തിന്റെ അഭിമാനമാണെന്ന് മോദി പ്രസംഗത്തിൽ പറഞ്ഞു. കോണ്‍ഗ്രസില്‍ ഗുജ്ജർ വിഭാഗക്കാരനായ സച്ചിൻ പൈലറ്റും ഗെലോട്ടും തമ്മിലുള്ള പോരിനിടെയാണ് ഗുജജ്ജറുകളെ ഒപ്പമെത്തിക്കാനുള്ള ബിജെപി നീക്കമെന്നത് ശ്രദ്ധേയമാണ്.

Follow Us:
Download App:
  • android
  • ios