പട്ടാപ്പകൽ യുവാവിന്‍റെ കഴുത്തിന് വെട്ടി, തമിഴ്നാട്ടിലെ പെൺ സുഹൃത്തിന്‍റെ അടുത്തേക്ക് കടക്കാൻ ശ്രമം; അറസ്റ്റ്

Published : Feb 17, 2023, 10:19 PM IST
പട്ടാപ്പകൽ യുവാവിന്‍റെ കഴുത്തിന് വെട്ടി, തമിഴ്നാട്ടിലെ പെൺ സുഹൃത്തിന്‍റെ അടുത്തേക്ക് കടക്കാൻ ശ്രമം; അറസ്റ്റ്

Synopsis

സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് കറങ്ങിനടക്കാറുണ്ടെന്ന് സിറ്റി ക്രൈം സ്ക്വാഡ് മനസിലാക്കി

കോഴിക്കോട്: കോഴിക്കോട് നഗരഹൃദയത്തിൽ പട്ടാപ്പകൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി കസബ പൊലീസ്. പൊറ്റമ്മൽ തട്ടാർകണ്ടിമീത്തൽ ജസ്റ്റിൻ സതീഷ് എന്ന സതി(41) ആണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ ഇ ബൈജുവിന്‍റെ നിർദ്ദേശപ്രകാരം ടൗൺ അസിസ്റ്റന്‍റ് കമ്മീഷണർ പി. ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പിടിയിലായത്.

പ്രതിയെ കസബ ഇൻസ്പെക്ടർ എൻ പ്രജീഷാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15ന് ഉച്ചയ്ക്ക് പാവമണി റോഡിൽ നിന്ന് കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് പോകുന്ന ഇട റോഡിലുള്ള ആളൊഴിഞ്ഞ പറമ്പിൽ മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചത്. കരിക്കാംകുളം സ്വദേശിയായ യുവാവിനെ ജസ്റ്റിൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് പ്രതി കുറ്റിക്കാട്ടൂർ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.

സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് കറങ്ങിനടക്കാറുണ്ടെന്ന് സിറ്റി ക്രൈം സ്ക്വാഡ് മനസിലാക്കി. മെഡിക്കൽ കോളേജ് ആശുപത്രി പരിസരങ്ങളിൽ പ്രതിയെ തിരയുന്നതിനിടയിൽ പ്രതി അയൽ സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇതിനിടെ പ്രതിയുടെ തമിഴ്നാട്ടിലെ പെൺ സുഹൃത്തിനെകുറിച്ച് ഇൻസ്പെക്ടർ എൻ പ്രജീഷിന് വിവരം ലഭിച്ചു.  

തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നടന്ന തെരച്ചിലിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ കയറി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ കസബ ഇൻസ്പെക്ടർ എൻ പ്രജീഷും സംഘവും സാഹസികമായി പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മൂർച്ചയുള്ള ആയുധം കൊണ്ട് കഴുത്തിന് വെട്ടേറ്റ രക്തം വാർന്ന് മൃതപ്രായനായ കരിക്കാംകുളം സ്വദേശി അബ്‍ദുള്‍ റഷീദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ  അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, സി കെ സുജിത്ത്, പ്രശാന്ത് കുമാർ എ, സൈബർ വിദഗ്ധൻ രാഹുൽ മാത്തോട്ടത്തിൽ കസബ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒമാരായ പി എം രതീഷ്, രഞ്ജിഷ്, സിപിഒ വിഷ്ണു പ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

സെക്സ് നിഷേധിച്ചതിന് ഭാര്യയെ കൊന്ന് യുവാവ്; ജീവപര്യന്തം നല്‍കിയില്ല, പ്രതിഭാഗം വാദം അംഗീകരിച്ച് കോടതി, കാരണം

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം