
കല്‍പ്പറ്റ: കവുങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണന്ത്യം. കമ്പളക്കാട് വെണ്ണിയോട് കല്ലട്ടി വീട്ടില്‍ ജയേഷ്(40) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. വീടിന് അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് വാഴയ്ക്ക് തൂണ് നാട്ടുന്നതിനുള്ള കവുങ്ങ് മുറിക്കുകയായിരുന്നു ജയനും സംഘവും. ഇതിനിടെ അടിഭാഗം മുറിച്ച കവുങ്ങ് സമീപത്തെ ഓടമുളയില്‍ തങ്ങി വീഴാതെ നില്‍ക്കുകയായിരുന്നു.
ഇത് തള്ളിമാറ്റാനായി പോകുന്നതിനിടെ മുളപൊട്ടി കവുങ്ങ് ജയന്‍റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കവുങ്ങിന്റെ ഭാരമേറിയ ഭാഗം ജയേഷിന്റെ ചെവിയുടെ ഭാഗത്തായി വന്നിടിക്കുകയായിരുന്നുവെന്ന് ജയേഷിന്റെ സുഹൃത്തായ ആന്‍റോ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകായിരുന്നു.
കൃഷിപണിക്കാരനായ ജയേഷ് കാര്‍ഷികജോലികള്‍ക്ക് ശേഷം സ്ഥിരമായി മരംമുറിക്കാന്‍ പോകാറുണ്ട്. ഇത്തരത്തില്‍ രാവിലെ കൃഷിപണി കഴിഞ്ഞ് കവുങ്ങ് മുറിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. ജയന്‍ - ലക്ഷ്മി ദമ്പതികളുടെ മകനാണ് ജയേഷ്. ഭാര്യ: രാധിക. മൂന്നരവയസുകാരന്‍ ആദിദേവ് ഏകമകനാണ്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ശനിയാഴ്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അതേസമയം, ഇക്കഴിഞ്ഞ ജനുവരി 13ന് പുല്‍പ്പള്ളിയില്‍ അടയ്ക്ക പറിക്കുന്നതിനിടെ കവുങ്ങില്‍ നിന്ന് വീണ് യുവാവ് മരിച്ചിരുന്നു.
പുല്‍പ്പള്ളി കാപ്പി സെറ്റ് മുതലിമാരന്‍ കോളനിയിലെ മനോജ് (35) ആണ് മരിച്ചത്. പുല്‍പ്പള്ളി ടൗണിനടുത്തുള്ള സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ അടക്ക പറിക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവം. ഉള്‍വശം കേടായ കവുങ്ങില്‍ നിന്ന് സമീപത്തെ മറ്റൊരു കവുങ്ങിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തടിപൊട്ടി മനോജ് താഴേക്ക് പതിക്കുകയായിരുന്നു. മരം മുറിക്കുന്നതടക്കമുള്ള ജോലികള്‍ക്കായിരുന്നു മനോജ് പോയിരുന്നതെങ്കിലും പണി കുറവായതും അടക്കവിളവെടുപ്പ് കാലമായതിനാലും കവുങ്ങില്‍ കയറുന്ന ജോലിക്ക് പോവുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam