കക്കൂസ് മാലിന്യം റോഡില്‍ ഒഴുക്കിയവര്‍ അറസ്റ്റില്‍

By Web TeamFirst Published Apr 25, 2019, 8:37 PM IST
Highlights


ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം ടൗണില്‍ എത്തിച്ച് പുഴയില്‍ ഒഴുക്കുകയാണ് ഇവരുടെ രീതി. 

ആലപ്പുഴ: കക്കൂസ് മാലിന്യം ലോറിയില്‍ നിറച്ച് അര്‍ദ്ധ രാത്രിയില്‍ ആലപ്പുഴ ടൗണില്‍ കൊണ്ടുവന്ന് പുഴയിലും റോഡില്‍ ഒഴുക്കി രക്ഷപ്പെട്ട യുവാക്കളെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ ആണ് ഇവരെ നോർത്ത് പൊലീസ് പിടികൂടിയത്. 

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം ടൗണില്‍ എത്തിച്ച് പുഴയില്‍ ഒഴുക്കുകയാണ് ഇവരുടെ രീതി.  ഇത് ടുറിസം മേഖലയിലും മറ്റും കനത്ത ആഘാതമാണ് ഉണ്ടാക്കുന്നത്. കൂടാതെ തീരത്ത് താമസിക്കവര്‍ക്ക് സാംക്രമിക രോഗങ്ങള്‍ പകരുന്നതിനും ഇത് ഇടയാക്കിയിരുന്നു.

 മാലിന്യം വഴിയില്‍ തള്ളുക വഴി യാത്രക്കാരും നാളുകളായി ബുദ്ധിമുട്ടിലായിരുന്നു. കഞ്ഞികുഴി പഞ്ചായത്ത് 7-ാം വാര്‍ഡില്‍ മാപ്പിളകം  വീട്ടില്‍ ദില്‍ മോന്‍  (29), മുഹമ്മ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ കൊറവപറമ്പില്‍ കോളനിയില്‍ വിശാഖ് (22) എന്നിവരാണ് പിടിയിലായത്. മാലിന്യം നിക്ഷേപം ഉണ്ടെന്ന പരാതിയെ തുടര്‍ന്ന് മഫ്തിയിലും  മറ്റും പൊലീസ് നൈറ്റ് പട്രോള്‍ ശക്തമാക്കിയിരുന്നു. 

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലാകുന്നത്. പൊലീസിനെ കണ്ടയുടന്‍ വാഹനവുമായി കടന്നുകളഞ്ഞ സംഘത്തെ കിലോമീറ്ററുകള്‍ പിന്തുടര്‍ന്നാണ്  പിടികൂടിയത്. പിടിച്ചെടുത്ത ലോറി മുന്‍സിപ്പാലിറ്റിക്ക് കൈമാറും. പ്രതികള്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 


 

click me!