ബൈക്കിൽ കറങ്ങി മാല പൊട്ടിക്കും, പൊലീസിനെ വെട്ടിക്കാന്‍ 'നമ്പര്‍' മാറ്റി ജില്ല വിടും; ഒടുവില്‍ പൊക്കി

By Web TeamFirst Published Sep 3, 2021, 7:29 PM IST
Highlights

പ്രതികൾ നമ്പരുകള്‍ മാറ്റി, ഫോണുകൾ മാറി മാറി ഉപയോഗിച്ചും വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചും പൊലിസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. 

പൂച്ചാക്കൽ: ബൈക്കിൽ സഞ്ചരിച്ച് മാല പൊട്ടിച്ച് മുങ്ങുന്ന മോഷ്ടാക്കളെ പൊലീസ് പിടികൂടി. കോട്ടയം പൂഞ്ഞാർ സ്വദേശി സുനി എന്ന കീരി സുനിയും കൂട്ടാളി മീനച്ചിൽ അരുവിത്തറ മുഹമ്മദ് ഷംഷാദ് അൽത്താഫ് എന്ന കുട്ടാപ്പിയെയുമാണ് പ്രത്യേക അന്വേഷണ സംഘം പിടിയിലായത്. 

കഴിഞ്ഞ മാസം ഒൻപതിന് പൂച്ചാക്കൽ സ്റ്റേഷൻ പരിധിയിലും ആല ജില്ലയിലുമായി ആറോളം മാലമോഷണ കേസ് നടന്നിരുന്നു. ഇതേ തുടർന്ന് ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക  സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. മാലപൊട്ടിച്ച  ശേഷം ജില്ലയില്‍ നിന്നും പൊലീസിനെ വെട്ടിച്ച് മുങ്ങുകയാണ് ഇവരുടെ പതിവ്.

പ്രതികൾ നമ്പരുകള്‍ മാറ്റി, ഫോണുകൾ മാറി മാറി ഉപയോഗിച്ചും വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചും പൊലിസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. പ്രതികൾ മലപ്പുറം പെരിന്തൽമണ്ണയിലെ അപ്പാർട്ട്മെന്‍റിൽ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലിസ് എത്തി സുനിയേയും ഒപ്പമുണ്ടായിരുന്ന കുട്ടാപ്പിയേയും പിടികൂടുകയായിരുന്നു. പൂച്ചാക്കൽ, തൃപ്പൂണിത്തുറ ,ചോറ്റാനിക്കര എന്നിവിടങ്ങളിൽ മാല പൊട്ടിച്ചെന്നും രണ്ട് ബൈക്കുകൾ മോഷണം നടത്തിയെന്നും  പ്രതികൾ സമ്മതിച്ചു. മാലകൾ പട്ടാമ്പി സ്വദേശിക്ക് വിറ്റതായി അന്വേഷണ സംഘം കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!