കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ചു, രണ്ട് പേർ പിടിയിൽ

By Web TeamFirst Published Oct 8, 2021, 12:21 PM IST
Highlights

പരിശോധിച്ചപ്പോൾ  ഇവർ പരസ്പര വിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലുമാണ് പ്രതികൾ വലയിലായത്...

കോഴിക്കോട്:  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി വന്ന് പരിസരത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിൾ കളവ് ചെയ്ത് കൊണ്ട് പോയ യുവാക്കൾ  പിടിയിലായി. കൈവേലി കമ്പളച്ചോല ജീസുൻ ജെ.എസ് (22), വാണിമേൽ കരികുളം നെടുവിലംകണ്ടി
രാഹുൽ (18) എന്നിവരെയാണ് എലത്തൂർ പൊലീസ് പിടിക്കൂടിയത്. 

വയനാട് സ്വദേശി അഭിജിത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി വന്ന് പരിസരത്ത് നിർത്തിയിട്ട മോട്ടോർ സൈക്കിളാണ് ഇവർ കവർന്നത്. കോഴിക്കോട് സിറ്റി കമ്മിഷണറുടെ നിർദ്ദേശപ്രകാരം സിററിയിൽ രാത്രി ഫ്ളൈങ് സ്ക്വാഡ് ശക്തമാക്കിയതിൻ്റെ ഭാഗമായി എലത്തൂർ പോലീസ് സ്റ്റേഷൻ ലിമിറ്റിൽ എലത്തൂർ സബ്ബ് ഇൻസ്പെക്ടർ രാജീവ്, സിവിൽ പൊലീസ് ഓഫീസർ സന്തോഷ് എന്നിവർ നടത്തിയ വാഹന പരിശോധനയിലാണ് വാഹന മോഷണം  നടത്തിയ  ജീസുനും രാഹുലും പിടിയിലാകുന്നത്. 

പരിശോധിച്ചപ്പോൾ  ഇവർ പരസ്പര വിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലുമാണ് പ്രതികൾ വലയിലായത്.  തുടർന്ന് വാഹനം കസ്റ്റടിയിലെടുത്ത് പ്രതികൾക്കെതിരെ കേസ്സെടുത്തു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ ദിവസം വനിതകളുടെ സ്കൂട്ടർ കവർച്ച നടത്തുന്ന ഒരാളെ പിടികൂടിയിരുന്നു. അതിന് മുൻപ് നിരവധി മോഷ്ടിച്ച ബൈക്കുകളുമായി 18 വയസിന് താഴെയുള്ള കുട്ടിക്കള്ളന്മാരും പിടിയിലായിരുന്നു. ബൈക്ക് മോഷണ കേസുകളിൽ പിടിയിലാക്കുന്നത് കൂടുതലും യുവാക്കളാണെന്ന് പൊലീസ് പറഞ്ഞു. 

click me!