
കോഴിക്കോട്: കൊയിലാണ്ടിയിൽ വഴിയരികിൽ വണ്ടി തട്ടി അവശനിലയിലായ തെരുവ് നായയ്ക്ക് (Stray Dog) രക്ഷകരായി രണ്ട് സ്ത്രീകൾ. പൂർണ ഗർഭിണിയായ (Pregnant) നായയെ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകിയതിന് ശേഷം കോഴിക്കോട് (Kozhikode) സ്വദേശികളായ പ്രിയയും സലുഷയും നായയെ ഏറ്റെടുത്തു. സ്വന്തം വീട്ടിൽ ഇടമില്ലാത്തിനാൽ നഗരത്തിൽ കൂട് സ്ഥാപിച്ചാണ് നായയെയും മൂന്ന് കുഞ്ഞുങ്ങളെയും ഇവർ സംരക്ഷിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോഴിക്കോട് കൊയിലാണ്ടിയിലെ റോഡരികിൽ പൂർണ ഗർഭിണിയായ നായ വണ്ടി തട്ടി ഗുരുതരാവസ്ഥയിൽ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. മൃഗാശുപത്രികളിൽ വിവരമറിയിച്ചെങ്കിലും ചികിൽസ കഴിഞ്ഞാൽ നായയെ കൊണ്ടു ചെന്നയാൾ തന്നെ ഏറ്റെടുക്കണമെന്ന വ്യവസ്ഥ കാരണം ആരും മുന്നോട്ട് വന്നില്ല. ഒടുവിൽ തെരുവ് നായകളെ സംരക്ഷിക്കുന്ന സംഘടനയിൽ അംഗങ്ങളായ പ്രിയയും സലുഷയും എത്തിയാണ് നായയെ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിൽസ കഴിഞ്ഞെങ്കിലും പൂർണ ഗർഭിണിയായ നായയെ വഴിയിലുപേക്ഷിക്കാന ഇവർക്ക് മനസ്സ് വന്നില്ല.
ഒരു പഴയ കൂട് വിലക്ക് വാങ്ങി നഗരത്തിനടുത്ത് വളയനാട് ടൗണിൽ തന്നെ നായയ്ക്ക് താമസ സൗകര്യം ഒരുക്കി. നായയ്ക്ക് മൂന്ന് കുഞ്ഞുങ്ങളും പിറന്നു. രണ്ട് നേരം മരുന്നും ഭക്ഷണവുമായി പ്രിയയും സലുഷയുമെത്തും. രക്ഷകരായെത്തിയ ഇരുവരോടും ഏറെ അടുപ്പം കാണിക്കുകയാണ് ഈ മിണ്ടാപ്രാണി. കുഞ്ഞുങ്ങളുണ്ടായിട്ടും പോലും യാതൊരു അക്രമ സ്വഭാവവും ഇല്ല. അപകടം പറ്റുന്ന തെരുവ് നായകളെ കിടത്തി ചികിൽസിക്കാൻ വ്യവസ്ഥയില്ലാത്ത സംവിധാനത്തോടുള്ള ഇരുവരുടെയും പോരാട്ടം കൂടിയാണിത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam