
കോഴിക്കോട്: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടു പേരെ മാറാട് പോലീസ് പിടികൂടി. മാറാട് വാട്ടർടാങ്കിന് സമീപം വടക്കേ വീട്ടിൽ റൗഫ് (31), നടുവട്ടം പിണ്ണാണത്ത് വീട്ടിൽ വിജയകുമാർ (57) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. 24 പാക്കറ്റ് ഹാൻസും 15 പാക്കറ്റ് കൂൾ ലിപ്പുമാണ് വിജയകുമാറിൽ നിന്നും മാറാട് പോലീസ് പിടിച്ചെടുത്തത്.
മാറാട് വാട്ടർടാങ്കിന് സമീപത്തുള്ള വീട് കേന്ദ്രീകരിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാറാട് പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ കെ.എക്സ്. തോമസ് നടത്തിയ പരിശോധനയിലാണ് സർക്കാർ നിരോധിച്ച പുകയില ഉൽപ്പന്നങ്ങളുമായി റൗഫ് പിടിയിലായത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും മൊത്തവിലയ്ക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ കേരളത്തിലെത്തിച്ച് ചില്ലറ വിൽപന നടത്തിവരികയായിരുന്നു ഇയാൾ.
കുട്ടികൾക്ക് ഇരുപത് രൂപയ്ക്കും മറ്റുള്ളവർക്ക് അൻപത് രൂപയ്ക്കുമാണ് ഇയാൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയിരുന്നത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സർക്കാർ നിരോധിച്ച 256 പായ്ക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ മാറാട് പോലീസ് പിടിച്ചെടുത്തു. സബ്ബ് ഇൻസ്പെക്ടർ കെ.സതീഷ്, സീനിയർ സി.പി.ഒ. കെ .ഷിനോജ്, സി.പി.ഒ. മാരായ എ. പ്രശാന്ത് കുമാർ പി.അരുൺകുമാർ, സി. സന്തോഷ്, എം.കെ. ലൈജു, കെ.സുജാത എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam