
തൃശൂര്‍: ചായക്കടയില്‍ അതിക്രമിച്ചുകയറി വാള്‍ ചൂണ്ടി വധഭീഷണി മുഴക്കിയ രണ്ടുപേര്‍ പിടിയില്‍. ചായക്കടയില്‍ അതിക്രമിച്ചുകയറിവാള്‍ കാട്ടി വധഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതിയായ താന്ന്യം വില്ലേജ് പെരിങ്ങോട്ടുകര സ്വദേശി വടക്കേക്കുന്നത്ത് വീട്ടില്‍ അരുണ്‍ (18) നെയും ഇയാളുടെ കൂട്ടാളി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെയുമാണ് കയ്പമംഗലം പോലീസ് പിടികൂടിയത്. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയെ അറസ്റ്റ് ചെയ്തു.
അഞ്ചാം തീയതി രാവിലെ പത്ത് മണിയോടെ പെരിഞ്ഞനം സെന്ററിന്റെ വടക്കുഭാഗത്ത് കയ്പമംഗലം ഡോക്ടര്‍ പടി സ്വദേശി പൊന്നത്ത് വീട്ടില്‍ വിനയകുമാര്‍ (36) നടത്തുന്ന കട്ടന്‍സ് എന്ന ടീ ഷോപ്പിലായിരുന്നു സംഭവം. കടയില്‍ വച്ച് പ്രതികള്‍ സിഗരറ്റ് വലിക്കുകയും,അരുണ്‍ ഫോണിലൂടെ ഉച്ചത്തില്‍ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വിനയകുമാര്‍ ഇവരോട് കടയ്ക്ക് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ വൈരാഗ്യത്താല്‍ പ്രതിയും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയും മാരകായുധമായ വാളുമായി കടയ്ക്കുള്ളിലേക്ക് അതിക്രമിച്ചുകയറി വിനയകുമാറിന് നേരെ വാള്‍ ചൂണ്ടി നിന്നെയും നിന്റെ കടയെയും കത്തിച്ചുകളയും, നിന്നെ തീര്‍ത്തുകളയും എന്ന് ആക്രോശിച്ച് വധഭീഷണി മുഴക്കുകയായിരുന്നു. അരുണ്‍ വലപ്പാട്, അന്തിക്കാട്, കയ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധികളിലായി ഒരു കവര്‍ച്ചക്കേസിലും, ഒരു വധശ്രമക്കേസിലും, കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്താന്‍ സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായ കേസിലും അടക്കം മൂന്ന് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്.കയ്പമംഗലം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ബിജിത്ത്, ജി. എസ്.ഐ. രമേഷ്, ജി.എസ്. സി.പി.ഒമാരായ ജോസഫ്, സുനില്‍കുമാര്‍, സിനോജ്, രജനീഷ്, പ്രജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെയും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയെയും പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam