
മലപ്പുറം: ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കോഴിഫാം പോലുള്ള തോട്ടം മേഖലകളിലേക്ക് വിതരണം ചെയ്യാന്‍ കഞ്ചാവ് എത്തിച്ച പ്രതികൾ പിടിയിൽ. നാലേകാല്‍ കിലോ കഞ്ചാവുമായി ഇതര സംസ്ഥാനങ്ങളിലെ യുവാക്കളാണ് പിടിയിലായത്. 4.145 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ വാണിയമ്പലത്ത് എക്‌സൈസാണ് പിടികൂടിയത്. വെസ്റ്റ് ബംഗാള്‍ കുച്ച് ബിഹാര്‍ ജില്ലയിലെ മാതാബംഗാ പനിഗ്രാമിലെ ഉജ്ജബരായി (34), നില്‍മാധബ് ബിസ്വാസ് (24) എന്നിവരാണ് പിടിയിലായത്. ട്രെയിന്‍ മാര്‍ഗം കഞ്ചാവെത്തിച്ചാണ് ഇവരുടെ വില്‍പന. ബുധനാഴ്ച പുലര്‍ച്ചെ വാണിയമ്പലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍പിടിയിലായത്.
യാത്രക്കാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ബാഗുകളിലായാണ് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ചത്. അസം, പശ്ചിമ ബംഗാള്‍ തുടങ്ങി ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കോഴിഫാം പോലുള്ള തോട്ടം മേഖലകളിലുള്ളവർക്ക് വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഒരു ദിവസത്തേക്ക് ആയിട്ട് ബംഗാള്‍, ആസാം എന്നിവിടങ്ങളില്‍ നിന്ന് മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച് തൊട്ടടുത്ത ദിവസം മടങ്ങുന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചു വരുന്നതെന്ന് കാളികാവ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി സി അനീഷ് പറഞ്ഞു. അന്വേഷണത്തിന് കാളികാവ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി സി അനീഷ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പി കെ പ്രശാന്ത്, പ്രിവന്റിവ് ഓഫിസ ര്‍ കെ എസ് അരുണ്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ വി വിപിന്‍, എന്‍ മുഹമ്മദ് ശരീഫ്, എം സുനില്‍കുമാര്‍, ഡ്രൈവര്‍ സവാദ് നാലകത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
അതിനിടെ കളമശേരിയിലും കഞ്ചാവുമായി യുവാവ് പിടിയിലായി. എറണാകുളം ഉദ്യോഗമണ്ഡലിലെ മഞ്ഞുമ്മൽ എംഎൽഎ റോഡിന് സമീപം കൂനത്ത് വീട്ടിൽ കെആർ രാഹിൻ (26) ആണ് പിടിയിലായത്. കളമശ്ശേരി,വട്ടേക്കുന്നം,മേക്കേരി ലൈൻ റോഡിന് സമീപത്ത് സ്‌കൂട്ടറുമായി നിന്ന ഇയാളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പൊലീസിന് കഞ്ചാവ് കിട്ടിയത്. സ്കൂട്ടറിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.144 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശ പ്രകാരം നഗരത്തിൽ വ്യാപകമായി ലഹരി പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഡാൻസാഫ് ടീമിൻ്റെയും പൊലീസിൻ്റെയും നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. ഡിസിപിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ. നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ കെഎ അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് കളമശേരിയിൽ നിന്ന് കഞ്ചാവ് വിൽപ്പനക്കാരനായ പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam