
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 11.51 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തമ്പാനൂർ ജുമാ മസ്ജിദ് റോഡിൽ വെച്ചായിരുന്നു അറസ്റ്റ്. പട്ടം ഗൗരീശപട്ടം സ്വദേശി അർജുൻ. ആർ മനോജ് (26), വട്ടിയൂർക്കാവ് വേറ്റിക്കോണം സ്വദേശി ആതിഷ്. എസ് (30) എന്നിവരാണ് എക്സൈസിന്റെ വലയിലായത്.
മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് വകുപ്പ് ശക്തമാക്കിയ 'ഓപ്പറേഷൻ തണ്ടർ' പരിശോധനയിലായിരുന്നു പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന ആതിഷിന്റെ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷൻ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
പിടിയിലായ അർജുൻ മുൻപും മയക്കുമരുന്ന് കേസിൽ പ്രതിയാണെന്ന് എക്സൈസ് വ്യക്തമാക്കി. ഇതേ ഓഫീസിൽ തന്നെ രജിസ്റ്റർ ചെയ്ത മറ്റൊരു ലഹരിക്കേസിലെ പ്രതിയായ ഇയാൾക്ക് കഴിഞ്ഞ ജൂൺ മാസത്തിലാണ് ജാമ്യം ലഭിച്ചത്. ജാമ്യത്തിലിറങ്ങി ആഴ്ചകൾ തികയും മുൻപാണ് അർജുൻ വീണ്ടും വൻതോതിൽ മയക്കുമരുന്നുമായി വിൽപ്പനയ്ക്കെത്തിയത്.
തമ്പാനൂരും പരിസരപ്രദേശങ്ങളിലും വ്യാപകമായി മയക്കുമരുന്ന് കൈമാറ്റം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം ഈ മേഖലയിൽ നിരന്തരം നിരീക്ഷണം നടത്തിവരികയായിരുന്നു. ലഹരിവിൽപ്പനയുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിൽ, തമ്പാനൂർ മേഖലയെ പ്രത്യേക 'ഹോട്ട്സ്പോട്ട്' ആയി തിരിച്ച് പ്രത്യേക ടീമുകളെ നിയോഗിച്ചാണ് എക്സൈസ് നിരീക്ഷണം ശക്തമാക്കിയത്. ഇതിന് പുറമെ സംസ്ഥാന എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായും നഗരത്തിൽ പ്രത്യേക പരിശോധനകൾ നടന്നുവരുന്നുണ്ട്. ലഹരിവേട്ട നടന്ന സംഭവസ്ഥലത്ത് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സൂരജ് നേരിട്ടെത്തി തുടർനടപടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടി സ്വീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam