
പത്തനംതിട്ട: പന്തളത്ത് ഓപ്പറേഷൻ തൂഫാനിടെ കോടികൾ വിലമതിക്കുന്ന ആംബർ ഗ്രീസ് (തിമിംഗല ഛർദ്ദി) പിടികൂടി. 6 കിലോ തൂക്കം വരുന്ന തിമിംഗല ഛർദ്ദിയുമായിട്ടാണ് രണ്ട് പേർ പിടിയിലായത്. കൊട്ടാരക്കര സ്വദേശികളായ രാജീവ് (39), സോമൻ (48) എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിൽ തിരുവല്ലയിലേക്ക് വിൽക്കാൻ കൊണ്ടുപോകുമ്പോഴാണ് പൊലീസ് പിടിയിലായത്. അഞ്ചുവർഷം മുൻപ് ലക്ഷദ്വീപിൽ നിന്നു വാങ്ങിയതെന്നു മൊഴി. പ്രതികളെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി
പന്തളം വലിയ കോയിക്കൽ പാലത്തിന് സമീപം ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രിയിൽ പന്തളം പൊലീസും ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. പന്തളം ഇൻസ്‌പെക്ടർ എസ്എച്ച്ഒ സജീഷ്‌കുമാർ, എസ്ഐ യു.വി വിഷ്ണു, എഎസ്ഐ വിജയകുമാർ, പൊലീസുദ്യോഗസ്ഥരായ എസ് അൻവർഷ, സിജു ഡാൻസാഫ് അംഗങ്ങളായ സുജിത്, മിഥുൻ ജോസ്, ഷഫീക്ക് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ലയിൽ ആംബർ ഗ്രീസിന്‍റെ അനധികൃത കച്ചവടം നടക്കുന്നുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിവന്ന വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ എത്തിയ ഇവരെ കൈ കാണിച്ച് നിർത്താൻ ശ്രമിച്ചപ്പോൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പൊലീസ് വാഹനത്തിൽ പിൻതുടർന്ന് വാഹനം റോഡിന് കുറുകെയിട്ട് സാഹസികമായാണ് പിടികൂടിയത്.
പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ അഞ്ചുവർഷം മുമ്പ് ലക്ഷദ്വീപിൽ നിന്നും രാജീവ് വാങ്ങിയതാണെന്നും, ഉയർന്ന വിലയ്ക്ക് തിരുവല്ലയിൽ വിൽക്കാൻ കൊണ്ടുപോവുകയായിരുന്നു എന്നും പറഞ്ഞു. തിരുവല്ലയിലേക്ക് പോകുന്ന വഴിക്കാണ് ഇവർ പിടിയിലായത്. പ്രതികളെയും പിടിച്ചെടുത്ത ആംബെർ ഗ്രീസും കോന്നി ഡിവിഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്യലും റിമാൻഡ് അടക്കമുള്ള നടപടികളും വനം വകുപ്പാണ് സ്വീകരിക്കേണ്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam