
തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അതിയന്നൂർ മരുതംകോട് സ്വദേശി ആദർശ് (17) ആണ് മരിച്ചത്. തിങ്കളാഴ്ച കാഞ്ഞിരംകുളം ചാവടി ജങ്ഷന് സമീപമായിരുന്നു അപകടം. വീഴ്ചയിൽ തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റ ആദർശിനെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തോടെ മരിച്ചു. പ്ലസ്ടു പൂർത്തിയാക്കി തുടർപഠനം കാത്തിരിക്കുകയായിരുന്നു ആദർശ്.
കാഞ്ഞിരംകുളത്തു നിന്ന് പുല്ലുവിളയിലേക്ക് മൂന്നു പേരുമായി വന്ന ബൈക്കും പുല്ലുവിളയിൽ നിന്ന് ചാവടിയിലേക്ക് മൂന്നു പേരുമായി പോവുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ പരുക്കേറ്റ അവണാകുഴി സ്വദേശി മനു, ബാലരാമപുരം സ്വദേശി മനു, ചാവടി സ്വദേശികളായ വിശാഖ്, അപ്പു, അരുൺ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു.
ആദർശിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലാണ്. വിദേശത്തുള്ള അമ്മ നാട്ടിലെത്തിയ ശേഷം നാളെ രാവിലെ പതിനൊന്നോടെ സംസ്കരിക്കും. അച്ഛൻ: ജയൻ, അമ്മ: അജിതകുമാരി, സഹോദരൻ: ആകാശ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam