
തൃശൂർ: തൃശൂരിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി വീണ്ടും നേതാക്കളുടെ രാജി. ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റ് ജോർജ് ചാണ്ടിയും, കോൺഗ്രസ് ഒല്ലൂർ ബ്ലോക്ക് സെക്രട്ടറിയും മുൻ കൗൺസിലറുമായ ഷോമി ഫ്രാൻസിസും രാജിവച്ചു. തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിമ്മി റപ്പായി നേരത്തെ രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേർകൂടി രാജിവെച്ചത്. കോൺഗ്രസിന്റെ മുൻ കൗൺസിലറാണ് രാജി വെച്ച ജോർജ് ചാണ്ടി. കോൺഗ്രസ് വിട്ട ജോർജ് മിഷൻ ക്വാർട്ടേഴിൽ സ്വതന്ത്രനായി മൽസരിക്കും.
കോൺഗ്രസ് മിഷൻ കോട്ടേഴ്സിലേക്ക് പ്രഖ്യാപിച്ച സ്ഥാനാർത്ഥി ബൈജു വർഗീസ് പാർട്ടി വിരുദ്ധനായി പ്രവർത്തിച്ച ആളാണെന്ന് ജോർജ് ചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തൃശൂരിലെ പഴയകാല കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ ജോസി ചാണ്ടിയുടെ മകനാണ് ജോർജ് ചാണ്ടി കോൺഗ്രസ് മാത്രം ജയിക്കുന്ന ഡിവിഷനാണ് മിഷൻ ക്വാർട്ടേഴ്സ്. അതേ സമയം കോൺഗ്രസിൽ നിന്നും രാജിവെച്ച ഷോമി ഫ്രാൻസിസ് കുരിയച്ചിറ ഡിവിഷനിൽ സ്വതന്ത്രനായി മൽസരിക്കും. മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍റെ വിശ്വസ്തൻ സജീവൻ കുരിയച്ചിറയ്ക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് ഷോമി രാജി വെച്ചത്.
15 വർഷമായി ഡിവിഷനിൽ ഇല്ലാത്തയാൾക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും, തന്നെ ചതിച്ചു വെട്ടിനിരത്തി എന്നും ഷോമി ഫ്രാൻസിസ് പറഞ്ഞു. കുരിയച്ചിറയിൽ മൂന്നു മുന്നണിയ്ക്കും എതിരെ മൽസരിക്കുമെന്ന് ഷോമി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോർപ്പറേഷനിലേക്ക് മൽസരിക്കാൻ കോൺഗ്രസ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് കൗൺസിലർ നിമ്മി റപ്പായി രാജി വെച്ചത്. എൻസിപിയിൽ ചേരുമെന്നും, ഒല്ലൂർ ഡിവിഷനിൽ എൻസിപി ടിക്കറ്റിൽ മൽസരിക്കുമെന്നും നിമ്മി റപ്പായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുരിയച്ചിറ ഡിവിഷൻ കൗൺസിലറായിരുന്നു നിമ്മി റപ്പായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam