
കൊച്ചി : എറണാകുളത്ത് ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ എംസി റോഡിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബസിൽ ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പെരുമ്പാവൂർ തുരുത്തിപ്പിള്ളി സ്വദേശി സ്റ്റാലിൻ (26) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്നു സ്റ്റാലിന്റെ സുഹൃത്ത് ബേസിൽ ടോമിനെ ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ ഡെന്റൽ കെയർ സ്ഥാപനത്തിലെ ജീവനക്കാരെ കൊണ്ടുവിടുന്നതിനായി പെരുമ്പാവൂരിലേക്ക് വന്ന ബസിൽ എതിരെ നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
എറണാകുളം തൃപ്പൂണിത്തുറ എസ് എം ജംഗ്ഷനിൽ സമാനമായ രീതിയിലുണ്ടായ മറ്റൊരു അപടകത്തിൽ ബസിനടിയിൽപ്പെട്ട് ഇരു ചക്രവാഹനയാത്രക്കാരൻ മരിച്ചു. പുത്തൻ കുരിശു സ്വദേശി ശ്രേയസാണ് മരിച്ചത്. വളവിൽ കെഎസ്ആർടിസി ബസ് മറികടക്കുന്നതിനിടെ ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam