അമ്പലത്തിലെ കാണിക്ക വഞ്ചി മോഷ്ടിച്ചു, ബിവറേജില്‍ മദ്യം വാങ്ങിക്കാനെത്തി; കുരുക്കായി പത്തുരൂപ നോട്ടുകള്‍

By Web TeamFirst Published Aug 9, 2021, 6:30 AM IST
Highlights

അമ്പലത്തിലെ കാണിക്കവഞ്ചി പൊളിച്ചതിന് പിന്നാലെ കുരിശടിയിലെ കാണിക്കവഞ്ചി മോഷ്ടിക്കാനുള്ള ശ്രമം നാട്ടുകാരുടെ ശ്രദ്ധയില്‍പെപടുകയായിരുന്നു. എന്നാല്‍ പൊലീസ് എത്തുന്നതിന് മുന്‍പ് ഇരുവരും രക്ഷപ്പെടുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ബീവറേജസില്‍ ഇവര്‍ നടത്തിയ ഇടപാടാണ് തെളിവായത്.

റാന്നി:അമ്പലത്തിലെ കാണിക്ക വഞ്ചിയിൽ നിന്ന് മോഷ്ടിച്ച പണവുമായി മദ്യം വാങ്ങാനെത്തിയ പ്രതികൾ പിടിയിൽ. പത്തനംതിട്ട റാന്നിയിലാണ് മോഷ്ടാക്കൾ ബീവറേജസ് ഔട്ട്‍ലെറ്റിലെ സിസിടിവിയിൽ കുരുങ്ങിയത്. രണ്ട് ദിവസം മുന്പാണ് റാന്നി പരുത്തിക്കാവ് ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് പണം മോഷ്ടിക്കപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പ്രതികൾ കുടുങ്ങിയത്. 

തോക്ക്തോട് സ്വദേശി സനീഷും തോമസുമാണ് മോഷണകേസിലെ പ്രതികൾ. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. രാത്രിയിൽ ഇരുവരും ചേർന്ന് കാണിക്ക വഞ്ചി കുത്തിതുറന്ന് പണം എടുത്തു. ശേഷം തൊട്ടടുത്തുള്ള പള്ളിയുടെ കുരിശടിയിലെ വഞ്ചിയും പൊളിക്കാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടയിൽ നാട്ടുകാർ കണ്ടു. ബഹളമായി, പൊലീസിനെ വിളിച്ചു. പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപെട്ടിരുന്നു. തൊട്ടടുത്ത ദിവസം മോഷ്ടിച്ച പണവുമായി മദ്യം വാങ്ങാൻ പ്രതികൾ റാന്നി ബിവറേജസിലെത്തി. ഇവരുടെ കൈവശമുണ്ടായിരുന്നത് എല്ലാം പത്ത് രൂപയുടെ നോട്ടുകൾ മാത്രമായിരുന്നു.ഇതുപയോഗിച്ചായിരുന്നു ബിവറേജസിലെ ഇടപാട്. 

സനീഷും തോമസും മദ്യം വാങ്ങി പോയെങ്കിലും സംശയം തോന്നിയ  ബിവറേജസിലെ ജീവനക്കാരൻ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സിസിടിവി പരിശോധിച്ചു. അതിലാണ് ഇരുവരെയും തിരിച്ചറിഞ്ഞു. 12 മണിക്കൂറിനുള്ളിൽ രണ്ട് പേരും കസ്റ്റഡിയിലായി. കാണിക്ക തുറക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പണവും പ്രതികളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. സനീഷ് ഒരു കൊലപാതക കേസിലും നിരവധി മോഷണ കേസിലും പ്രതിയാണ്. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!