ബോസിനെ പറ്റിച്ച 'പോളച്ച'ന്‍റെ സഹായികള്‍ പിടിയില്‍; അറസ്റ്റിലായത് ഡ്രൈവറും സുഹൃത്തും, പണവും കണ്ടെത്തി

By Web TeamFirst Published Jun 2, 2023, 2:19 PM IST
Highlights

വൈദികനായി വേഷം കെട്ടിയ അരിക്കുഴ ലക്ഷ്മി ഭവനിൽ അനിൽ വി.കൈമൾ, കപ്യാരായി ചമഞ്ഞ ആനച്ചാൽ പാറൽ ഷിഹാബ് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. മൂന്നാറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പങ്കാളിയാക്കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ഇടുക്കി: വൈദികനെന്നു വിശ്വസിപ്പിച്ച് തിരുവനന്തപുരത്തെ ഹോട്ടൽ വ്യവസായിയിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയ കേസിൽ 2 പേർകൂടി അറസ്റ്റിൽ. പൈങ്ങോടൂർ പനങ്കര തിരുനിലത്ത് രാജേഷ് (45), അരിക്കുഴ മൂഴിക്കൽ രഞ്ജിത് (39) എന്നിവരാണു പിടിയിലായത്. വൈദികനായി വേഷം കെട്ടിയ അരിക്കുഴ ലക്ഷ്മി ഭവനിൽ അനിൽ വി.കൈമൾ, കപ്യാരായി ചമഞ്ഞ ആനച്ചാൽ പാറൽ ഷിഹാബ് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. അനിലിന്റെ ഡ്രൈവറാണ് രാജേഷ്, അനിലിന്റ സുഹൃത്താണ് രഞ്ജിത്തത്. ഇവരിൽ നിന്നും 4 ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്. 

തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ വ്യവസായി ബോസ് ആണ് തട്ടിപ്പിന് ഇരായത്. ചിത്തിരപുരം സ്വദേശി ഫാ. പോൾ (പോളച്ചൻ) എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. മൂന്നാറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പങ്കാളിയാക്കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഒരു മാസത്തിലേറെക്കാലം അനിൽ വി കൈമൾ വൈദികനായി ചമഞ്ഞ് വ്യവസായിയുമായി ബന്ധപ്പെട്ടുവരികയായിരുന്നു. കഴിഞ്ഞ 16 ന് മൂന്നാറിൽ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും നല്ല ലാഭം കിട്ടുന്ന ഭൂമിയാണെന്നും ധരിപ്പിച്ച് ഇയാൾ വ്യവസായിയെ ഫോണിൽ ബന്ധപ്പെട്ടു. ഭൂമി വാങ്ങുന്നതിന് 35 ലക്ഷം രൂപയുമായി 19 ന് ചിത്തിരപുരത്ത് എത്തണമെന്നും ആവശ്യപ്പെട്ടു. വൈകിട്ട് 4 മണിയോടെ പണവുമായി വ്യവസായി ചിത്തിരപുരത്തിന് സമീപം എത്തി. ഇതോടെ കൂടെ മറ്റാരും വേണ്ടെന്നും തന്റെ കപ്യാർ വന്നു കാണുമെന്നും പണം കാണിച്ചു കൊടുത്താൽ മതിയെന്നും ഇയാൾ വ്യവസായിയെ ധരിപ്പിച്ചു. 

തുടർന്ന് കപ്യാർ എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ വ്യാപാരിയെ കാണുകയും കാറിൽ നിന്ന് ഇറങ്ങി ബാഗ് തുറന്ന് പണം കാണിച്ചു നൽകുന്നതിനിടെ ഇദ്ദേഹത്തെ തള്ളിയിട്ട ശേഷം പണവുമായി മുങ്ങുകയായിരുന്നു. തുടർന്ന് തന്നെ ബന്ധപ്പെട്ട പള്ളീലച്ചന്‍റെ ഫോമിലേക്ക് വ്യവസായി വിളിച്ചു. പണം ലഭിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാൽ ഈ മൊബൈൽ ഫോൺ പിന്നീട് സ്വിച്ച് ഓഫായി. താൻ കബളിപ്പിക്കപ്പെട്ടു എന്ന് ബോധ്യമായതോടെ വ്യാപാരി വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!