കാട്ടിറച്ചിയെന്ന പേരില്‍ ആദിവാസി യുവാവിനെതിരെ കള്ളക്കേസ്; വനപാലകരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

By Web TeamFirst Published Jun 2, 2023, 12:35 PM IST
Highlights

യുവാവിനെ കള്ളക്കേസിൽ കുടുക്കിയതിനു 13 പേർക്കെതിരെയാണ് ഉപ്പുതറ പൊലീസ് കേസെടുത്തത്. 

ഇടുക്കി. കാട്ടിറച്ചിയുമായി പിടികൂടിയെന്നാരോപിച്ച് ആദിവാസി യുവാവ് സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനപാലകരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. 9 വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജാമ്യഹർജി തൊടുപുഴ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പി എസ് ശശികുമാറാണു തള്ളിയത്. യുവാവിനെ കള്ളക്കേസിൽ കുടുക്കിയതിനു 13 പേർക്കെതിരെയാണ് ഉപ്പുതറ പൊലീസ് കേസെടുത്തത്. 

ഇതിൽ ഒരാൾ മരിക്കുകയും 2 പേർ കോടതിയിൽ കീഴടങ്ങി ജാമ്യം നേടിയ ശേഷം ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. വൈൽഡ് ലൈഫ് വാർഡൻ ബി.രാഹുലിന് കോടതിയിൽ നിന്ന് ഇതുവരെ അനുകൂല വിധി ലഭിച്ചിട്ടില്ലെങ്കിലും സസ്പെൻഷൻ പിൻവലിച്ചതിനാൽ ഇദ്ദേഹം സർവീസിൽ തിരികെ കയറിയിരുന്നു. അവശേഷിക്കുന്ന 9 പേരാണു മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്.

മെയ് അവസാനവാരത്തില്‍ സരുണ്‍ സജി കള്ളക്കേസെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കിഴുകാനം ഫോറസ്റ്റ് ഓഫീസിന് മുൻപിലുള്ള മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചിരുന്നു. നാല് മണിക്കൂറാണ് കഴുത്തിൽ കയറിട്ട് കത്തിയുമായി സരുൺ മരത്തിനു മുകളിൽ ഇരുന്നത്. ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുമെന്ന് ഉറപ്പു കിട്ടാതെ ഇറങ്ങി വരില്ലെന്ന് സരുൺ നിലപാടെടുത്തതോടെ തിരിച്ചെടുത്ത ഉദ്യോഗസ്ഥർ ജോലിയിൽ കയറുന്നതിനു മുൻപ് അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് ഉറപ്പു നൽകിയിരുന്നു.  

ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത സംഭവം; സസ്പെൻഷനിലായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ട് ദിവസങ്ങളിലായി സരുണിനെതിരെ കള്ളക്കേസ് എടുത്ത ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ, കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ അടക്കമുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും വനം വകുപ്പ് സർവീസിൽ തിരികെ എടുത്തിരുന്നു. വിഷയത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം അടക്കം ചുമത്തി പൊലീസ് കേസ് എടുത്തിരുന്നെങ്കിലും കോടതിയിൽ കീഴടങ്ങിയ രണ്ടു പേരുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സെപ്റ്റംബർ 20നാണ് കാട്ടിറച്ചി എന്ന് പറഞ്ഞ് മാട്ടിറച്ചി സരുണിൻറെ ഓട്ടോയിൽ വച്ച് കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!